ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം ഫ്ലാറ്റിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ്. തൃശൂര്‍ സ്വദേശി രമേശ് , മോനിഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കുന്നുപറമ്പിൽ പരേതനായ രാജന്റെയും ലക്ഷ്മിയുടെയും മകൻ രമേശ് (33), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (25) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലൈനിലെ ഫ്ളാറ്റിന്റെ മൂന്നാംനിലയിലാണ് യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഫ്ലാറ്റ് ഉടമയായ ഇക്ബാല്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടതും വിവരം പൊലീസിനെ അറിയച്ചതും. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ദുർഗന്ധത്തെ തുടർന്നു സമീപത്തു താമസിക്കുന്നവർ അപ്പാർട്മെന്റ് ഉടമയെ വിവരം അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതിലും ജനലുകളും അകത്തു നിന്നു പൂട്ടിയിരുന്നില്ല. തറയിൽ നിന്നു രണ്ടടി ഉയരത്തിൽ ഭിത്തിയിൽ ചോരപ്പാടുകളുണ്ട്. രമേശിന്റെ മൃതദേഹത്തിനു മുകളിൽ കുറുകെയാണ് മോനിഷയുടെ മൃതദേഹം കിടന്നത്.
തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്ബാലിന്റേതാണ് 3 നില അപ്പാർട്മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേർന്ന് വാടകയ്ക്ക് എടുത്തിരുന്നു. മുകളിലെ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സിനിമാ എഡിറ്റിങ് ജോലികൾ നടത്താനെന്നാണു പറഞ്ഞിരുന്നത്. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. ഇവരുടെ ക്യാമറയും മൊബൈൽ ഫോണുകളും പൊലീസിനു ലഭിച്ചു.
രമേശ് നേരത്തേ ആലുവയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. 7 മാസം മുൻപാണ് സ്റ്റുഡിയോ ജോലികൾ ആരംഭിച്ചത്. മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഫൊറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Leave a Reply