സ്വന്തം ലേഖകൻ
യു കെ :- സ്റ്റാഫോഡ്ഷെയറിലെ എം 6 റോഡിലൂടെ മദ്യപിച്ച് വാഹനം ഓടിച്ച ആൾ അറസ്റ്റിൽ. ഇദ്ദേഹം ഓടിച്ച വാഹനത്തിന്റെ മൂന്ന് വീലുകൾ മാത്രമായിരുന്നു പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നത്. ക്രിസ്മസ് രാത്രിയിൽ ആണ് സംഭവം നടന്നത്. സെൻട്രൽ മോട്ടോർ വേ പോലീസിംഗ് ഗ്രൂപ്പും, നോർത്ത് വെസ്റ്റ് മോട്ടോർ വേ പോലീസും ചേർന്നാണ് ഇദ്ദേഹത്തെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. ക്രിസ്മസ് രാത്രിയിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് മദ്യപിച്ചതിന് ശേഷം ആണ് ഇദ്ദേഹം വാഹനമോടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഒരു ലെയിനിൽ നിന്നും മറ്റൊരു ലെയിനിലേക്ക് എന്ന രീതിയിൽ ആയിരുന്നു മദ്യപിച്ചിരുന്ന ഇയാൾ വണ്ടി ഓടിച്ചത് എന്ന് നോർത്ത് വെസ്റ്റ് മോട്ടോർ വേ പോലീസ് അധികൃതർ അറിയിച്ചു. അതോടൊപ്പം തന്നെ വാഹനത്തിന്റെ മൂന്ന് വീലുകൾ മാത്രമാണ് ശരിയായി ഉണ്ടായിരുന്നത്.
100 എം എൽ മനുഷ്യ ശ്വാസത്തിൽ 35 മൈക്രോഗ്രാം ആൽക്കഹോൾ മാത്രമാണ് വാഹനം ഓടിക്കുമ്പോൾ നിയമം അനുവദിക്കുന്നത്. ഇദ്ദേഹത്തിന്റെ രക്തത്തിൽ ഇതിന്റെ ഇരട്ടിയിലധികം അളവ് ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന ആളിന്റെ വിശദാംശങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ സംബന്ധിച്ച് ട്വിറ്ററിൽ നോർത്ത് വെസ്റ്റ് മോട്ടോർ വേ പോലീസ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് സാധാരണക്കാരുടെ നിരവധി കമന്റുകൾ ആണ് ലഭിച്ചത്. കുറഞ്ഞത് പത്തു വർഷത്തേക്കെങ്കിലും ഇദ്ദേഹത്തെ വാഹനം ഓടിക്കുന്നതിൽ നിന്നു വിലക്കണമെന്ന് ട്വിറ്ററിലൂടെ ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവം എന്ന് മറ്റു ചിലർ വിലയിരുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് മറ്റൊരാൾ പോസ്റ്റ് ചെയ്തിരുന്നു.
Leave a Reply