കെജെ യേശുദാസിനെയും കെഎസ് ചിത്രയെയും കല്ലെറിഞ്ഞയാളെ പിടികൂടി. 24 വര്‍ഷം മുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെയാണ് സംഭവം. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍ മഠം എന്‍ വി അസീസ് (56) ആണ് അറസ്റ്റിലായത്. നടക്കാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്യുന്നയാളാണ് അസീസ്.

1999 ഫെബ്രുവരി ഏഴിന് രാത്രി 9:15നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഗാനമേള നടക്കുന്ന വേളയില്‍ നഴ്‌സസ് ഹോസ്റ്റലിന് മുന്‍വശത്ത് നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ കൂട്ടത്തില്‍ നിന്ന് പിടിക്കപ്പെടാതെ രക്ഷപ്പെട്ടയാളായിരുന്നു അസീസ് എന്ന് അന്വേഷണ സംഘം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറത്തെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ അയല്‍വാസി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നത്. നടക്കാവ് സി ഐ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍.

കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസീസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജിഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ ജാമ്യത്തില്‍ വിട്ടയച്ചു.