ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ഓൾഡ്ബറിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിഖ് വനിത നേരിട്ട ഭീകര ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്നും പുറത്തേക്ക് പോകൂ എന്നും പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം നടന്നതെന്ന് സിഖ് ഫെഡറേഷൻ (യുകെ) ആരോപിച്ചിരുന്നു . ബലാത്സംഗത്തിന് പുറമെ വംശീയമായ ആക്രമണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരയായ യുവതി 20 വയസ് കഴിഞ്ഞ ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30 വയസ് പ്രായമുള്ള ഒരാളെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ് . യുവതിക്ക് തുടർച്ചയായി മെഡിക്കൽ സഹായവും കൗൺസിലിംഗും ലഭ്യമാക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്ന ദിവസം രാവിലെ 8 മുതൽ 8.30 വരെയാണ് ആക്രമണം നടന്നത്. സിഖ് ഫെഡറേഷൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ ഇര സമൂഹത്തോടും കുടുംബത്തോടും നന്ദി രേഖപ്പെടുത്തി. “കുടുംബം എന്റെ കരുത്താണ്, സമൂഹവും ഉറച്ചു നിന്നു. പൊലീസ് കുറ്റക്കാരെ പിടികൂടുമെന്ന് ഞാൻ വിശ്വസിക്കുന്നു, മറ്റാർക്കും ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരരുത് എന്നും അവൾ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണ തനിക്ക് മുന്നോട്ട് പോകാൻ കരുത്തേകുന്നതായി യുവതി കൂട്ടിച്ചേർത്തു.
നിലവിലെ അറസ്റ്റ് അന്വേഷണത്തിലെ പ്രധാന പുരോഗതിയാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് ചീഫ് സൂപ്രണ്ട് കിം മാഡിൽ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് തിരയുകയാണെന്ന് നേരത്തെ സൂചന നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തെ എംപിമാർ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഇത് ഭീകര സംഭവമാണന്നും സമൂഹത്തിൽ വിദ്വേഷത്തിനും സ്ത്രീ വിരോധത്തിനും സ്ഥാനമില്ലന്നും വെസ്റ്റ് ബ്രോമ്വിച്ചിലെ എംപി സാറാ കൂംബ്സ് പറഞ്ഞു. സ്മെത്‌വിക്കിലെ എംപി ഗുരിന്ദർ സിംഗ് ജോസൻ സംഭവം വർഗീയ പ്രേരിതമായ ക്രൂരമായ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി. സുരക്ഷിതവും ബഹുമാനിക്കപ്പെട്ടതുമായ ജീവിതം നമ്മുടെ അവകാശമാണ് എന്നാണ് ബർമിംഗ്ഹാം എഡ്ജ്ബാസ്റ്റൺ എംപി പ്രീത് കൗർ ഗിൽ സംഭവത്തോട് പ്രതികരിച്ചത് .
Leave a Reply