കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.
നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.
മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.
ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.
Leave a Reply