ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെർബി നഗരമധ്യത്തിൽ കാൽനട യാത്രികരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിയുടെ പേര് പോലീസ് വെളിപ്പെടുത്തി. 36 വയസുകാരനായ സന്ധു പൊന്നച്ചനാണ് സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് . ഇന്ത്യയിൽ നിന്നുള്ളയാളായ പ്രതി മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല .

ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവിൽ അത് ഭീകരാക്രമണമെന്ന നിലയിൽ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച രാത്രി ഫ്രയർ ഗേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഗുരുതരമായി പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആറു കേസുകളും , അപകടകരമായ ഡ്രൈവിംഗ്, ആയുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം ഡെർബിയിലും പരിസര പ്രദേശങ്ങളിലും ആശങ്കയും ഞെട്ടലും ഉണ്ടാക്കിയിരുന്നു . പരിക്കേറ്റവരുടെ നില ഗുരുതരമായിരുന്നാലും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോണിലെ വിഡിയോകൾ, ഡാഷ്‌കാം രേഖകൾ എന്നിവ കൈവശമുള്ളവർ സമീപിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം തുടരുന്നതിനാൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.