ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനെ മുൾമുനയിൽ നിർത്തിയ കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ പുറത്തു വന്നു തുടങ്ങി. യുകെയിൽ വ്യാപകമായ കലാപത്തിന് കാരണമായെന്ന് കരുതുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാക്കിസ്ഥാനി പോലീസ് ഒരാൾക്കെതിരെ സൈബർ തീവ്രവാദ കുറ്റം ചുമത്തിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വ്യാപക ചർച്ചയ്ക്ക് വിഷയമായിരിക്കുന്നത്. ഫ്രീലാൻസ് വെബ് ഡെവലപ്പറായ ഫർഹാൻ ആസിഫ് (32) ആണ് പിടിയിലായതെന്ന് ലാഹോറിലെ അന്വേഷണ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇമ്രാൻ കിഷ്വാർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ജൂലൈ 29 ന് സൗത്ത്‌പോർട്ടിലെ ഒരു ഡാൻസ് ക്ലാസിൽ വെച്ച് അക്രമി മൂന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം യുട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും തെറ്റായ വിവരങ്ങൾ ഇയാൾ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 17 വയസ്സുകാരനായ കൊലയാളി അടുത്ത കാലത്ത് യുകെയിൽ എത്തിയ മുസ്ലിം മത വിഭാഗത്തിൽ പെട്ട അനധികൃത കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരമാണ് വ്യാപകമായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടത്. തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് അടുത്ത ദിവസം അക്രമാസക്തമായ ജനക്കൂട്ടം പെൺകുട്ടികളുടെ കൊല നടന്നതിന് സമീപമുള്ള ഒരു മുസ്ലിം പള്ളി ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നു.


കലാപം കത്തി പടർന്നതിനെ തുടർന്ന് പ്രായ പൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ നടപടിക്രമങ്ങളെ മറികടന്ന് പോലീസ് പുറത്തു വിട്ടിരുന്നു. വലതുപക്ഷ തീവ്രവാദികൾ ഏറ്റുപിടിച്ച കലാപം അടിച്ചമർത്തുന്നതിന് യുകെയിൽ ഉടനീളം പോലീസ് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കുടിയേറ്റ വിരുദ്ധ സമരത്തിനെതിരെയുള്ള സമരം കൂടിയായപ്പോൾ യുകെയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കുറെ നാളുകളായി അശാന്തിയുടെ ദിനങ്ങളായിരുന്നു. കലാപത്തിൽ പങ്കെടുത്തതിന് യുകെയിൽ ഉടനീളം ആയിരത്തിലധികം അറസ്റ്റുകളാണ് നടന്നത്. സമൂഹമാധ്യമങ്ങളിൽ കൂടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.