ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ബന്ധപ്പെട്ട വസതികൾക്ക് തീയിട്ട സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 21 വയസ്സുകാരനായ യുവാവിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത് എന്ന് മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. ഉക്രേനിയൻ പൗരനായ റോമൻ ലാവ്‌റിനോവിച്ചിനെതിരെ വ്യാഴാഴ്ച ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ടതിനാണ് കേസെടുത്തത് .
ചൊവ്വാഴ്ച പുലർച്ചെ ഇയാളെ തെക്ക് കിഴക്കൻ ലണ്ടനിലെ സിഡെൻഹാമിലെ ഒരു വിലാസത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിൽ ഒരു വാഹനത്തിന് തീപിടിച്ചത്, പ്രധാനമന്ത്രിയുടെ അതേ തെരുവിലെ സ്വകാര്യ വീട്ടിൽ തീപിടിച്ചത്, വടക്കുപടിഞ്ഞാറൻ ലണ്ടനിൽ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തിൽ തീപിടുത്തം നടന്നത് എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച പുലർച്ചെ വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചിരുന്നു . വീടിൻറെ പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഞായറാഴ്ചയും സമാനമായ ഒരു സംഭവം നടന്നിരുന്നു. രാവിലെ മൂന്ന് മണിക്ക് ഇസ്ലിംഗ്ടണിൽ ഫ്ലാറ്റുകളായി മാറ്റിയ ഒരു വീടിന്റെ മുൻവാതിലിൽ ഉണ്ടായ ചെറിയ തീപിടുത്തത്തിൽ അടിയന്തിര സേവനങ്ങളെ വിളിച്ചു. ഇതും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലമാണ്.
Leave a Reply