കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാല്‍ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാബുലാലിന്റെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന ജൂണ്‍ മൂന്നാം തീയതിയാണ് അന്തരിച്ചത്. ബുധനാഴ്ച ഭാര്യയുടെ വേര്‍പാടിന് ഒരുമാസം പൂര്‍ത്തിയാവുന്നദിവസമായിരുന്നു.

ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലുമണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തി. ഇനി പിടിച്ച് നില്‍ക്കാനാവില്ല, അതിനാല്‍ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് താഴെത്ത കിടപ്പുമുറിയില്‍ ശ്യാമളയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ വീടിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാന്‍, എസ്.ഐ.മാരായ സുരഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.

സാബുലാല്‍-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സാബുലാല്‍ ചിത്രകലാരംഗത്തും നാടകസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.