ന്യൂസ് ഡെസ്ക്, മലയാളം യുകെ
നായയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ഈസ്റ്റ് ലണ്ടനിൽ ആണ് നായയുടെ ആക്രമണത്തിൽ 42 വയസ്സുകാരനായ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടത്. സ്ട്രാറ്റ്‌ഫോർഡിലെ ഷെർലി റോഡിൽ നടന്ന സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ ലെയ്‌നെ മക്‌ഡൊണലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ നായയുടെ ഉടമസ്ഥയാണ് ഇവർ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസിനെ സംഭവസ്ഥലത്തേക്ക് വിളിച്ചിരുന്നു. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അപകടകരമായ രീതിയിൽ നായയെ സ്വതന്ത്രമാക്കി വിട്ടതിനാണ് ലെയ്‌നെ മക്‌ഡൊണലിൻ്റെ മേൽ കുറ്റം ചുമത്തിയിരിക്കുന്നത്. നവംബർ 18 -ന് നടന്ന മറ്റൊരു സംഭവത്തിൽ അപകടകരമായ രീതിയിൽ നായയെ അഴിച്ചു വിട്ടതിന് അവരുടെമേൽ മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ട നായയെ പോലീസ് പിടികൂടിയതായി സേന സ്ഥിരീകരിച്ചു. റിമാൻഡ് ചെയ്ത മക്‌ഡൊണലിനെ വെള്ളിയാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Leave a Reply