ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 27 വയസ്സുകാരനായ ജോസഫ് ഹിഗിൻസൺ എന്ന യുവാവിന്റെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചിക്കൻ കറി കഴിച്ചതിനെ തുടർന്ന് യുവാവിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്തത് . പാഴ്സലായി വാങ്ങിയ ചിക്കൻ കറിയുടെ ഒരു കഷണം കഴിച്ചപ്പോൾ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ തുടർ ചികിത്സയിലിരിക്കെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്.


ബട്ടർ ചിക്കൻ കറിയിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനാഫൈലക്സിൻ എന്ന പേരിലുള്ള അലർജി യുവാവിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം . അണ്ടിപ്പരിപ്പ് , ബദാം എന്നിവയോടുള്ള അലർജിയാണ് അനാഫൈലക്സിൻ . ജോസഫ് മേടിച്ച ബട്ടർ ചിക്കനിൽ ബദാം അടങ്ങിയതായി രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പാഴ്സൽ നൽകിയ സ്ഥാപനത്തിൻറെ പേരിൽ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത് .


സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ജോസഫിന് ഈ അലർജി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2022 ഡിസംബർ 28 -നായിരുന്നു കുടുംബവുമായി ഭക്ഷണം കഴിക്കുമ്പോൾ അപ്രതീക്ഷിത ദുരന്തം ജോസഫിനെ തേടിയെത്തിയത്. അടിയന്തിര വൈദ്യസഹായം ഉണ്ടായിരുന്നെങ്കിലും ഹിഗ്ഗിൻസിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുയുമായിരുന്നു. ഇത്തരം അലർജിയുള്ള ആളുകൾ എല്ലായ്പ്പോഴും കരുതിയിരിക്കണമെന്നും ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ അതീവ ശ്രദ്ധ ഉണ്ടാവണമെന്നുമാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.