എടത്വ: മകളെ ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ചേര്‍ത്ത ശേഷം മടങ്ങിയ പിതാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു. തലവടി നീരേറ്റുപുറം കാരിക്കുഴി കുറവം പറമ്പില്‍ സുരേഷ് (48) ആണ് ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടത്. യാത്രയ്ക്കിടെ സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ പരാതി നല്‍കി.
ഇതിനിടെയാണ്, കര്‍ണാടകയിലെ കുപ്പത്തിനും മുളകാര്‍പേട്ടയ്ക്കുമിടയില്‍ ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടത് സുരേഷാണെന്ന് തിരിച്ചറിഞ്ഞത്. പിതാവിന്റെ അപ്രതീക്ഷിത വിയോഗം മകള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. യാത്ര പറഞ്ഞിറങ്ങിയത് അവസാന യാത്രയിലേയ്ക്ക് ആയിരുന്നുവെന്നതാണ് കുടുംബത്തെയും മകളെയും തകര്‍ത്തത്.
ചൊവ്വാഴ്ചയാണ് സുരേഷും ഭാര്യ ആനിയും മകളും, സമീപവാസികളായ 2 പേരും അവരുടെ മക്കളും ചേര്‍ന്നു ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പ്രവേശനത്തിനായി പോയത്. ബുധനാഴ്ച രാവിലെ 10നു കോളേജില്‍ എത്തി കുട്ടികളെ ചേര്‍ത്ത ശേഷം തിരികെ നാട്ടിലേക്കു വരാന്‍ കെആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍നിന്നു രാത്രി 8.30ന് ട്രെയിനില്‍ കയറി.
ആഹാരം കഴിച്ച ശേഷം എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി 11.30ന് ഭാര്യ ഉണര്‍ന്നു നോക്കിയപ്പോള്‍ സുരേഷിനെ കാണാനില്ലായിരുന്നു. ടിടിആറിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഭാഷ വശമില്ലാത്തതിനാല്‍ ഒന്നും പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ല. ശേഷം, രാവിലെ 10ന് തിരുവല്ലയിലും പിന്നീട് കോട്ടയത്തും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോലാര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Reply