കുഞ്ഞിന്റെ ജനനം ക്യാമറയില്‍ പകര്‍ത്താന്‍ എത്തിയ യുവാവ് വീട്ടില്‍ കാമുകിയുടെ പ്രസവമെടുത്തു. ലെസ്‌റ്റര്‍ഷെറില്‍ നിന്നുള്ള പാര്‍ട്ട്‌ ടൈം ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ ബോയ്‌സാണ്‌ തന്‍റെ പ്രതിശ്രുത വധു ഹോളി ഡോസന്റെ പ്രസവം എടുത്തത്‌. ആദ്യ കുഞ്ഞിനായി ഇരുവരും ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ തന്നെ ഹോളി പ്രസവിക്കുകയായിരുന്നു. ഈ സമയത്ത്‌ വീട്ടില്‍ ഉണ്ടായിരുന്ന മാര്‍ട്ടിനും മാതാവുമായിരുന്നു ഹോളിക്ക്‌ പ്രസവ ശുശ്രൂഷ നടത്തിയത്‌. പ്രസവവേദന തുടങ്ങിയപ്പോള്‍ ഇവര്‍ മിഡ്‌വൈഫുകളെ ഫോണ്‍ ചെയ്‌തെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ വീട്ടിലെ ലിവിംഗ്‌ റൂമില്‍ ഹോളി തന്റെ പെണ്‍കുഞ്ഞ്‌ ഇസബെല്ലിന്‌ ജന്മം നല്‍കി. എല്ലാം കഴിഞ്ഞ്‌ എത്തിയ പ്രസവശുശ്രൂഷകര്‍ കുഞ്ഞിനെയും അമ്മയെയും പിന്നീട്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളൂ.
പ്രസവം ക്യാമറയില്‍ പകര്‍ത്താന്‍ ഇരുവരും നേരത്തേ പ്‌ളാനിട്ടിരുന്നതാണ്‌. ഏത്‌ നിമിഷവും ആശുപത്രിയിലേക്ക്‌ പോകാന്‍ കാറും അവിടെ പ്രസവം ചിത്രീകരിക്കാന്‍ ക്യാമറയെല്ലാം എല്ലാം സജ്‌ജമാക്കിയിരിക്കുമ്പോള്‍ ആയിരുന്നു ഹോളിക്ക്‌ പ്രസവ വേദന ഉണ്ടാകുന്നത്‌. പുലര്‍ച്ചെ വരെ ഇവര്‍ ജാഗ്രതയോടെ ഇരിക്കുമ്പോള്‍ പെട്ടെന്ന്‌ താന്‍ പ്രസവിക്കാന്‍ പോകുന്നതായി തോന്നുന്നെന്ന്‌ ഹോളി പറയുകയായിരുന്നു. 40 മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ പ്രതിശ്രുത വധുവിന്‍റെ പ്രസവ ശുശ്രൂഷകനാകേണ്ട സ്‌ഥിതിയിലായി മാര്‍ട്ടിന്‍.

d1

പുലര്‍ച്ചെ മൂന്ന്‌ മണിയോടെ സമയമായെന്ന്‌ തോന്നുന്നെന്ന്‌ ഹോളി പറഞ്ഞു. ആശുപത്രിയിലേക്ക്‌ പോകാന്‍ റെഡിയായി മാതാപിതാക്കളേയും മിഡ്‌വൈഫിനേയും മാര്‍ട്ടിന്‍ വിളിച്ചു തുടങ്ങുമ്പോള്‍ വേദന കലശലായി. തുടര്‍ന്ന്‌ വീടിന്റെ ലിവിംഗ്‌ റൂമിന്റെ തറയില്‍ തന്നെ ഹോളി പ്രസവിച്ചു. ഇതിനിടയില്‍ മിഡ്‌വൈഫുകളെ വിളിച്ചപ്പോള്‍ അവര്‍ വന്നുകൊണ്ടിരിക്കുകയാണെന്ന്‌ പറഞ്ഞു. തുടര്‍ന്ന്‌ അവര്‍ ഫോണിലൂടെ മാതാവിനും മാര്‍ട്ടിനും നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ എല്ലാം ശുഭകരമായി അവസാനിച്ചപ്പോള്‍ ശുശ്രൂഷകരും വീട്ടിലെത്തി. പുലര്‍ച്ചെ 4.32 ന്‌ ഇസബെല്ല ഒലീവിയ ജനിച്ചത്‌. പിന്നീട്‌ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക്‌ മാറ്റി. സംഭവം മുഴുവന്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ഫോട്ടോകള്‍ മാര്‍ട്ടിന്‍ ഫേസ്‌ബുക്ക്‌ പേജില്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌.