ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ സിറ്റി സെന്ററിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ 5 മണിയോടെ റിച്ച്മണ്ട് സ്ട്രീറ്റിൽ ഉണ്ടായ കലഹത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാലിൽ വെടിയേറ്റതായി സംശയിക്കുന്ന 20 വയസ്സുള്ള യുവാവിനെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവപായമില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്തിനടുത്തുള്ള ഒരു വിലാസത്തിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 23 മുതൽ 26 വയസ്സ് വരെ പ്രായമുള്ള ആറുപേരെ കലാപം സൃഷ്ടിച്ചതിനും മാരകായുധങ്ങൾ കൈവശം വച്ചതിനുമാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലായിരിക്കുകയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവം നഗരവാസികളിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും ഇത് പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും സൂപ്രണ്ടന്റ് സ്റ്റീഫൻ വിഗിൻസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ പൊലീസിനെ സമീപിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.











Leave a Reply