ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫിൽ തെരുവിൽ കഴിഞ്ഞിരുന്ന ഭവനരഹിതയായ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. തൻറെ ജന്മദിനാഘോഷത്തിനിടയിൽ നഗരത്തിലെത്തിയപ്പോഴാണ് ലിയാം സ്റ്റിംപ്സൺ എന്ന വ്യക്തി രാത്രിയിൽ ക്രൂരകൃത്യത്തിൽ ഏർപ്പെട്ടത്. ഭക്ഷണം വാങ്ങി കൊടുക്കാനെന്ന വ്യാജേന സ്ത്രീയെ ഒറ്റപ്പെടുത്തി ആളൊഴിഞ്ഞ റെയിൽവേ പാലത്തിനടിയിൽ വെച്ച് അവളെ മൃഗീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞവർഷം ഡിസംബർ 27 -ന് പുലർച്ചയാണ് ലൈംഗികാതിക്രമം നടന്നത്. അവൾ സഹായത്തിനായി നിലവിളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ആക്രമണം തുടർന്നു. പ്രതി അതിക്രൂര മനോഭാവമുള്ള ഒരു സാഡിസ്റ്റ് ആണെന്ന് സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ കാതറിൻ ബാരി പറഞ്ഞു. യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളാണ് പ്രതി വരുത്തിയത്. നേരത്തെ ഇയാൾ മറ്റ് രണ്ട് ബലാത്സംഗ കേസുകളിലും സമ്മതമില്ലാതെ ഒരാളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനും പ്രതിയാക്കപ്പെട്ടയാളാണ് ലിയാം സ്റ്റിംപ്‌സൺ. സംഭവത്തെ കുറിച്ച് വിവരങ്ങൾ നൽകാൻ മുന്നോട്ട് വന്നവർക്കും സാക്ഷികൾക്കും പോലീസ് നന്ദി പറഞ്ഞു.
Leave a Reply