ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാഞ്ചസ്റ്റർ : ജീവിതത്തിൽ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കൻ കഴിയില്ലെന്ന നിരാശയിൽ ജീവിക്കുന്നവർക്ക് മുന്നിൽ ഒരു പാഠം പകർന്നു നൽകുകയാണ് മാഞ്ചസ്റ്ററിൽ നിന്നുള്ള മാർട്ടിൻ ഹിബ്ബർട്ട് (45). 2017-ൽ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന മാർട്ടിൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് വീൽചെയറിൽ ഇരുന്ന് കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയിലെത്തി. മനക്കരുത്ത് മാത്രം ആയുധമാക്കിയാണ് മാർട്ടിൻ തന്റെ ലക്ഷ്യം പൂർത്തിയാക്കിയത്. പ്രാദേശിക ഗൈഡുകളുടെയും സഹായികളുടെയും ഒരു ടീം മാർട്ടിനൊപ്പം ഉണ്ടായിരുന്നു. സ്‌പൈനൽ ഇഞ്ചുറീസ് അസോസിയേഷന് വേണ്ടി ഒരു മില്യൺ പൗണ്ട് സമാഹരിക്കുക എന്നതാണ് ഈ സാഹസികതയുടെ പ്രധാന ലക്ഷ്യം. താൻ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇപ്പോൾ മറ്റൊരാളായി അനുഭവപ്പെടുന്നെന്നും ഹിബർട്ട് പറഞ്ഞു.
“പർവതമുകളിൽ എത്തിയതിനു ശേഷം ഞാൻ നിർവികാരനായി. ഇപ്പോൾ വളരെയധികം അഭിമാനിക്കുന്നു.” – ഹിബർട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിലാണ് മാർട്ടിന്റെ അമ്മ മരിച്ചത്. പർവതമുകളിൽ എത്തിയത് ശേഷം ഹിബർട്ട് തന്റെ അമ്മയുടെ ചിതാഭസ്മം അവിടെ വിതറി. ഒപ്പം അമ്മയുടെ പ്രിയപ്പെട്ട ഗാനമായ ‘ഫോർ ഓൾ വി നോ ബൈ ദ കാർപെന്റേഴ്‌സ്’ ആലപിച്ചു. അമ്മ ഇപ്പോഴും തന്നോടൊപ്പമുണ്ടെന്ന് മാർട്ടിൻ പറഞ്ഞു.
2017 മെയ് 22 ന് അരിയാന ഗ്രാൻഡെ സംഗീത പരിപാടിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 22 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മാർട്ടിൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് ഇത്. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,685 മീറ്റർ ഉയരത്തിലുള്ള ഗിൽമാൻസ് പോയിന്റിൽ ആണ് മാർട്ടിൻ എത്തിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
“വീൽചെയറിലായതുകൊണ്ട് മാത്രം ഒരാളെ എഴുതിത്തള്ളരുത്. ശരിയായ സഹായവും പിന്തുണയും ഉണ്ടെങ്കിൽ, അവർക്ക് എന്തും ചെയ്യാൻ കഴിയും. ഏത് പർവതവും കീഴടക്കാൻ കഴിയും.” – മാർട്ടിൻ നിശ്ചയദാർഢ്യത്തോടെ പറയുന്നു. മാർട്ടിനെ പരിചരിച്ച നേഴ്സുമാരിൽ രണ്ടുപേർ പർവ്വതാരോഹണത്തിൽ ഒപ്പമുണ്ടായിരുന്നു
Leave a Reply