കടുത്ത മര്‍ദനത്തെ തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 29കാരനായ മകന്റെയും 28കാരിയായ മരുമകളുടെയും നിരന്തര മര്‍ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്താണ് വൃദ്ധയായ മാതാവ് മരിച്ചത്. വലത്തേ കണ്ണിന്റെ കൃഷ്ണമണിയിലും ഇടത്തേ കണ്ണിലും വരെ ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസം കോടതിയിലെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചു. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആശുപത്രി ജീവനക്കാരനായ ഇവരുടെ അയല്‍വാസി വിവരമറിയിച്ചതോടെയാണ് മകന്റെയും മരുമകളുടെയും ക്രൂരത അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരേ കെട്ടിടത്തിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായ ഇദ്ദേഹമാണ് കേസിലെ പ്രധാന സാക്ഷിയും. തങ്ങളുടെ മകളെ അമ്മ വേണ്ടപോലെ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദനം.

ഒരു ദിവസം മകളെയുമെടുത്ത് പ്രതിയായ സ്ത്രീ തന്റെ ഫ്ലാറ്റിലെത്തുകയായിരുന്നുവെന്ന് സാക്ഷി പൊലീസിനോട് പറഞ്ഞു. നാട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ അമ്മ വന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ കുഞ്ഞിനെ നേരാംവണ്ണം നോക്കുന്നില്ലെന്നും ഇവര്‍ പരാതി പറഞ്ഞു. ഇത് കാരണം കുഞ്ഞിന് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുന്നതിനാല്‍ ജോലി കഴിഞ്ഞ് താന്‍ വരുന്നത് വരെ മകളെ അയല്‍വാസി നോക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ബാര്‍ക്കണിയില്‍ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. ശരീരത്തിലെ അല്‍പം വസ്ത്രം മാത്രമാണുണ്ടായിരുന്നത്. ഇതിന് പുറമെ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഉടന്‍ അയല്‍വാസി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശേഷം ഇവരുടെ വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ അമ്മ നിലത്ത് കിടക്കുന്നതാണ് കണ്ടത്. വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. അടിയന്തര വൈദ്യ സഹായം വേണ്ട സാഹചര്യമാണെന്ന് മനസിലായ അയല്‍വാസി ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിച്ചു. പാരാമെഡിക്കല്‍ ജീവനക്കാര്‍ ആംബുലന്‍സിലേക്ക് മാറ്റാന്‍ എടുത്തുയര്‍ത്തിയപ്പോള്‍ പോലും ശരീരത്തിലെ പൊള്ളലുകള്‍ കാരണം അമ്മ ഉറക്കെ നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. എന്നാല്‍ അമ്മയ്ക്കൊപ്പം ആംബുലന്‍സില്‍ കയറാന്‍ മകന്‍ തയ്യാറായില്ല. ഇയാള്‍ വീട്ടില്‍ തന്നെ ഇരുന്നു. കൂടെ പോകണമെന്ന് അയല്‍വാസികള്‍ പറഞ്ഞിട്ടും ഗൗനിച്ചില്ല. പിന്നീട് പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായത്.

ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കൈകളിലും കാലുകളിലും നീരുമുണ്ടായിരുന്നെന്ന് പാരാമെഡിക്കല്‍ ജീവനക്കാരന്‍ പറഞ്ഞു. പൊള്ളലിന്റെ കാരണം ചോദിച്ചപ്പോള്‍ അമ്മ തന്നെ സ്വന്തം ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നാണ് മകന്‍ പറഞ്ഞത്. അമ്മയുടെ അവസ്ഥ ശ്രദ്ധിക്കുക പോലും ചെയ്യാതെ വളരെ ദൂരേക്ക് മാറി നില്‍ക്കുകയായിരുന്നു അയാളെന്നും പാരാമെഡിക്കല്‍ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ ആംബുലന്‍സില്‍ കയറ്റാന്‍ മകന്‍ സഹായിച്ചില്ല. മറിച്ച് അയല്‍വാസികളായിരുന്നു സഹായിക്കാനെത്തിയതെന്നും ഇയാള്‍ പറഞ്ഞു.

പിന്നീട് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മരണസമയത്ത് അമ്മയ്ക്ക് 29 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നാണ് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. എല്ലുകളിലും വാരിയെല്ലിനുമുണ്ടായ പൊട്ടലുകള്‍. ആന്തരിക രക്തസ്രാവം, വിവിധ ഉപകരണങ്ങള്‍ കൊള്ളുള്ള മര്‍ദനം, പൊള്ളലുകള്‍, പട്ടിണി തുടങ്ങിയയാണ് ആരോഗ്യം ക്ഷയിക്കുന്നതിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചത്. കേസില്‍ വിചാരണ ജൂലൈ മൂന്നിന് തുടരും.