ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വീടുകളിലെ മോഷണം തടയാൻ പല വഴികളുണ്ട് – നിർദേശിക്കുന്നത് മാറ്റാരുമല്ല, ഇരുപതിനായിരത്തോളം വീടുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ഡാറിൽ കെന്നഡി ആണ്. മോഷ്ടാക്കളിൽ നിന്ന് വീടിനെ എങ്ങനെ സംരക്ഷിക്കാമെന്നാണ് തന്റെ അനുഭവത്തിലൂടെ അദ്ദേഹം പറയുന്നത്. ഒൻപത് വയസ്സ് മുതൽ മോഷണം ആരംഭിച്ച ആളാണ് കെന്നഡി. പ്രൊഫഷണൽ കൊള്ളസംഘത്തിന്റെ തലവൻ കൂടിയാരുന്നു അദ്ദേഹം. ഇപ്പോൾ മോഷണം എല്ലാം ഉപേക്ഷിച്ചു.
മോഷണം തടയാനായി അയൽക്കാർ തമ്മിൽ നല്ല സഹകരണം ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഉപദേശം. വീടുകൾ പരസ്പരം നിരീക്ഷിച്ചാൽ മോഷണം ഒരു പരിധി വരെ തടയാം. സിസിടിവിയിലൂടെ വീടുകൾ പരസ്പരം നിരീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.
പുതുതായി വീട് വാങ്ങുന്നവർ ആൾതാമസം ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ഒറ്റപെട്ട വീടുകളാണ് മോഷ്ടാക്കൾ പലപ്പോഴും ലക്ഷ്യമിടുന്നത്. മോഷണത്തിന് ദൃക്സാക്ഷികൾ ഉണ്ടാവില്ല എന്നത് തന്നെയാണ് വലിയ പ്രയോജനം. സ്വർണം, പണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഒളിപ്പിക്കാൻ പറ്റിയ ഇടമാണ് ബീൻബാഗെന്ന് കെന്നഡി പറഞ്ഞു. കാരണം, മോഷ്ടാക്കൾ ഇത്തരം ഇടങ്ങൾ തിരയാനുള്ള സാധ്യത കുറവാണ്. ബീൻബാഗുകൾ കുട്ടികളുടെ മുറിയിൽ വയ്ക്കാം.
“വീടിനുള്ളിൽ കടന്നാൽ ഞാൻ നേരെ പോകുന്നത് മാസ്റ്റർ ബെഡ്‌റൂമിലേക്കാണ്. വിലപിടിപ്പുള്ള വസ്തുക്കൾ അവിടെയാണെന്ന് എല്ലാവരും കരുതും. ആരും കുട്ടികൾ കിടക്കുന്ന മുറിയിലേക്ക് പോകാറില്ല. കുട്ടികളെ ഉണർത്താൻ മോഷ്ടാക്കൾ ശ്രമിക്കാറില്ല.” സ്വന്തം അനുഭവത്തിൽ നിന്ന് കെന്നഡി വിശദമാക്കി. അതിനാൽ വിലപ്പെട്ട സാധനങ്ങൾ കുട്ടികളുടെ മുറിയിൽ സുരക്ഷിതമായി ഒളിപ്പിക്കുന്നത് ബുദ്ധിപരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിൽ മോഷണം ഏറിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളികളുടെ വീടുകളെയാണ് കൂടുതൽ പേരും ലക്ഷ്യമിടുന്നത്.
Leave a Reply