ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുംവിധം ഒരു കൊലപാതകവും തെളിവ് നശിപ്പിക്കലും. മാനന്തവാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവര്‍ ചെയ്തതെന്നു കരുതുന്നു.
ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കരാറുകാരനെ അറിയിക്കുകയും തുടര്‍ന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കില്‍ കെട്ടി മണ്ണിനടിയില്‍ താഴ്ത്തിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളില്‍ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു. സംഭവം കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം കുഴിച്ചു മൂടിയതില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിലയിരുത്തല്‍. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹത്തിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് പ്രദേശത്തെത്തിയത്.
സിനിമയില്‍ മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തില്‍ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിര്‍മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷന്‍ പണി പൂര്‍ത്തിയായതോടെ തെളിവു ലഭിക്കാതെ ജോര്‍ജ് കുട്ടിയെ വെറുതെ വിടുന്നതുമാണ് സിനിമയിലെ കഥ.
Leave a Reply