കോതമംഗലം ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികൾ.
മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു.
കേസിലെ നിർണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ 4 വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അപ്പോൾ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങൾ മാറി.
Leave a Reply