കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിൽ ബാഡ്മിന്റൻ (ഷട്ടിൽ) കളിക്കാരനായിരുന്നു. ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ ഔദ്യോഗിക കളിക്കാരൻ ആയിരുന്നില്ലെങ്കിലും പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാഡ്മിന്റൻ കളിയുമായി ബന്ധപ്പെട്ട ആളുകളുമായുള്ള സൗഹൃദമായിരുന്നു രഖിലിന് പ്രധാനമായും ഉണ്ടായിരുന്നതെന്നു സുഹൃത്തുക്കൾ പറയുന്നു. മറ്റു സാമൂഹിക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അടുത്ത കൂട്ടുകാർക്ക് ഇടയിൽ പോലും വ്യക്തിപരമായ കാര്യങ്ങൾ പങ്കുവച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. പള്ളിയാംമൂല, കക്കാട്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രഖിൽ കളിക്കുമായിരുന്നു. അവിടെയെല്ലാം കൂട്ടുകാരുണ്ടെങ്കിലും അവരോടൊന്നും കളിയിൽ കവിഞ്ഞുള്ള കാര്യങ്ങൾ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രഖിലിന്റെ പ്രണയമോ പ്രണയ നൈരാശ്യമോ ഒന്നും സുഹൃത്തുക്കൾ അറിയിഞ്ഞിരുന്നില്ല. കൊലപാതകവും ആത്മഹത്യയും പരിചയക്കാർ ഞെട്ടലോടെയാണ് കേട്ടത്
കഴിഞ്ഞ 8 മാസമായി കളിക്കളത്തിലൊന്നും രഖിൽ ഉണ്ടായിരുന്നില്ല. രഖിലിന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നതു മാത്രമേ കൂട്ടുകാർക്കും അറിയുമായിരുന്നുള്ളൂ. ആ ബന്ധം തകർന്നതോ പക രൂപപ്പെട്ടതോ ഒന്നും സുഹൃത്തുക്കൾക്ക് അറിയുമായിരുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി പിരിയുന്ന സ്വഭാവവും രഖിലിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല. കാറിലാണ് മുണ്ടയാട് കളിക്കാൻ പോയിക്കൊണ്ടിരുന്നത്. ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണെന്ന വിവരമേ സുഹൃത്തുക്കൾക്ക് ഉള്ളൂ. കണ്ണൂരിൽ ഒരു സുഹൃത്തുമായി ചേർന്നാണ് ഇന്റീരിയർ ജോലി ചെയ്തിരുന്നത്.
തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി അന്വേഷണസംഘം. രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മാനസയുടെ സഹപാഠികളായ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തും.
ബീഹാറും, കര്‍ണാടകയുമടക്കം അടുത്തിടെ രഖില്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍നിന്ന് തോക്ക് സംഘടിപ്പിച്ചോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജൂലെ പന്ത്രണ്ടിനാണ് രഖിലും രണ്ട് സുഹൃത്തുക്കളും ബീഹാറിലെത്തിയത്. എട്ടു ദിവസം അവിടെ തങ്ങിയശേഷമായിരുന്നു മടക്കം. ഇതിനിടെ റഖില്‍ തോക്ക് സംഘടിപ്പിച്ചോയെന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണസംഘം കണ്ണൂരില്‍നിന്ന് കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്.
ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് കള്ളത്തോക്ക് വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇതിനിടെ മാനസയുടെ നീക്കങ്ങളറിയാന്‍ കോതമംഗലത്തെ സഹപാഠികളുമായി രഖില്‍ സൗഹൃദം സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്കേറ്റ വെടിയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ഫോണുകള്‍ പരിശോധിക്കുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.
Leave a Reply