ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് മൂലം വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനായി സർക്കാരിന് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് എയര്‍വേയ്‌സും ഈസി ജെറ്റും സർവീസുകൾ റദ്ദാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ റിക്രൂട്ട്‌മെന്റുകൾക്കായുള്ള സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാനും സർക്കാരിന് കഴിയുന്നില്ല. അടുത്ത രണ്ട് മാസത്തേക്ക് കൂടി ഈ പ്രതിസന്ധി തുടരുമെന്ന് മാഞ്ചസ്റ്റർ മേയർ പറഞ്ഞു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി മേയർ എയർപോർട്ട് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. സെക്യൂരിറ്റി ചെക്കിന് കാലതാമസം നേരിടുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.

സെക്യൂരിറ്റി ചെക്കിനായി 90 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടി വരുമെന്ന് എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനം നഷ്‌ടപ്പെടാതിരിക്കാനായി മൂന്ന് മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിൽ എത്തണമെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ചാർലി കോർണിഷ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. കാബിന്‍ ക്രൂവിന്റെ കാര്യത്തിലും വലിയ ക്ഷാമം നേരിടുന്നുണ്ട്. വാരാന്ത്യ യാത്രകളെ ഇത് സാരമായി ബാധിക്കുമെന്നാണ് സൂചന.