ബാബു ജോസഫ്

ബ്രിട്ടണിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കും. ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി നിരവധി സ്ഥലങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും നടന്നു വരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വെന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവനസന്ദര്‍ശനം ഇതിനോടകം പൂര്‍ത്തിയായി.

ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും വന്‍ വിജയമാക്കുവാന്‍ രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്‍മാരായ, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍, ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടോര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. അസാധ്യങ്ങള്‍ സാധ്യമാകുന്ന വന്‍ അദ്ഭുതങ്ങളും അടയാളങ്ങളും ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.

ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു. വിശാലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:

The Sheridan Suite, 371 Oldham Road, Manchester, M40 8RR