മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമാകാനിടയുണ്ടെന്ന് അമേരിക്ക. സംഭവം വിശകലനം ചെയ്ത അമേരിക്കന്‍ അധികൃതരാണ് ചാവേര്‍ ആക്രമണത്തിന്റെ സാധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കന്‍ പോപ് താരമായ അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കു ശേഷമാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് ഇതെന്ന് പോലീസും സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തു നിന്ന് സംശയകരമായ ഒരു ബാഗ് കണ്ടെത്തിയിരുന്നു. പിന്നീട് ഇത് നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് പിന്നീട് കണ്ടെത്തി.

സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പോലീസ് ഇത് ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. 2005 ജൂലൈയില്‍ ലണ്ടനില്‍ നടന്ന ഭീകരാക്രമണമാണ് ഇതിനു മുമ്പ് ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വലിയ ഭീകരാക്രമണം. ഈ സംഭവം സ്ഥിരീകരിക്കപ്പെട്ടാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമായി പരിഗണിക്കപ്പെടും. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ നാല് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അന്ന് 52 പേരാണ് കൊല്ലപ്പെട്ടത്.

ചാവേര്‍ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വിദഗ്ദ്ധര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 21,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അറീനയിലായിരുന്നു സംഗീതപരിപാടി നടന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ അറീനയാണ് മാഞ്ചസ്റ്റര്‍ അറീന. 1995ല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഇവിടെ ഒട്ടേറെ സംഗീതപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്.