സാബു ചുണ്ടക്കാട്ടില്‍

യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍. തോമാശ്ളീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സയുടെയും സംയുക്ത തിരുന്നാളിന് ജൂണ്‍ 25ന് കൊടിയേറും. പ്രധാന തിരുന്നാള്‍ ജൂലൈ മാസം ഒന്നാം തിയതി ശനിയാഴ്ച നടക്കും. കോടിയേറ്റത്തെ തുടര്‍ന്ന് ദിവസവും വൈകുന്നേരം 5ന് ദിവ്യബലിയും മധ്യസ്ഥപ്രാര്‍ത്ഥനകളും നടക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മാസം ഒന്നാം തിയതിയിലെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകും. മാഞ്ചസ്റ്ററിന്റെ ഹൃദയ ഭാഗത്തു രാജകീയ പ്രൗഢിയോടെ നില്‍ക്കുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണി ജയറാമും അണിനിരക്കുമ്പോള്‍ ഗാനമേള ഏവര്‍ക്കും മികച്ച വിരുന്നാകും. തിരുന്നാള്‍ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററിലാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാനമേള നടക്കുക. യുകെയിലെ പ്രമുഖ ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്.

2015ല്‍ കെ.ജി. മാര്‍ക്കോസും 2016ല്‍ ബിജു നാരായണനും മാഞ്ചസ്റ്റര്‍ തിരുനാളില്‍ സംഗീത വിരുന്നൊരുക്കിയപ്പോള്‍ ഇക്കുറി മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ മാസ്മരിക വിരുന്നിനായി യുകെ മലയാളികള്‍ കാത്തിരിക്കുകയാണ്.

ജൂണ്‍ മാസം 25-ാം തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിന് കൊടിയേറുക. പിനീട് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ലഹരിയില്‍ ആണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. ജൂണ്‍ മാസം 25 ന് വൈകുന്നേരം 5ന് ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, മധ്യസ്ഥ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും നടക്കും. ഇതേ തുടര്‍ന്ന് ഉല്‍പന്ന ലേലവും ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

26-ാം തീയതിയിലെ തിരുക്കര്‍മങ്ങളില്‍ ഫാ. തോമസ് തൈക്കൂട്ടത്തിലും, 27ന് ഫാ. നിക്കോളാസ് കേണ്‍, 28ന് ഫാ. സജി മലയില്‍ പുത്തന്‍പുര, 29ന് ഫാ. ജിനോ അരീക്കാട്ട്, 30ന് റവ. ഡോ തോമസ് പാറയടിയില്‍ എന്നിവരും കാര്‍മ്മികരാകും.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ ഒന്ന ാംതീയതി രാവിലെ 10ന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തിരുന്നാളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും വൈദിക ശ്രേഷ്ഠരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വൈദീകര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരാകും.

ദിവ്യബലിയെ തുടര്‍ന്ന് ഭക്തി നിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചസ്റ്ററിന്റെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിര്‍വൃതിയാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും പാച്ചോര്‍ നേര്‍ച്ച വിതരണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഇതേ തുടര്‍ന്ന് ഫോറം സെന്ററില്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഡോ. വാണിജയറാമും ചേര്‍ന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് പത്തിലേറെ ഉപകരണങ്ങളുമായി ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. മൂന്ന് മണിക്കൂറില്‍ ഏറെ നീണ്ടുനില്‍ക്കുന്ന സഗീതവിരുന്ന് കാണികള്‍ക്ക് നല്ലൊരു വിരുന്നായിത്തീരും എന്നതില്‍ സംശയം ഇല്ല.

എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററില്‍ ആയിരുന്നു. അന്ന് മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റര്‍ തിരുന്നാള്‍ മാറി കഴിഞ്ഞു.

ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.