സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: യുകെയില്‍ താമസിക്കുന്ന ക്രൈസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളിപ്പെരുന്നാള്‍. നാട്ടിലെ പള്ളിപ്പെരുന്നാളുകളെ ഒരു പടി കടത്തിവെട്ടി വര്ഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റര്‍ തിരുന്നാള്‍ യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന ഖ്യാതിയും ഇതിനോടകം നേടിക്കഴിഞ്ഞു. ഓരോ വര്‍ഷങ്ങള്‍ പിന്നിടുംതോറും മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിട്ടാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

ഇക്കുറി തിരുന്നാള്‍ കുര്‍ബാനയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകുമ്പോള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് ഫോറം സെന്ററില്‍ നടക്കുന്ന ഗാന സന്ധ്യക്ക് നേതൃത്വം നല്‍കുവാന്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ മാഞ്ചസ്റ്ററില്‍ എത്തിക്കഴിഞ്ഞു. ഇന്നലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വേണുഗോപാലിനെ ഇടവക വികാരി റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി, തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍, ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ അലക്‌സ് വര്‍ഗീസ്, സണ്ണി ആന്റണി, സജിത്ത് തോമസ്, ജിന്‍സ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ന് നടക്കുന്ന പ്രത്യക പ്രാക്ടീസ് സെഷനെത്തുടര്‍ന്ന് നാളെ മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ ആണ് വേണുഗോപാലും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ.വാണിയും ചേര്‍ന്ന് നയിക്കുന്ന ഗാനമേള നടക്കുക.

മാഞ്ചസ്റ്ററിലെ ഭവനങ്ങള്‍ എല്ലാം അതിഥികളാല്‍ നിറഞ്ഞു കഴിഞ്ഞു. രോഗ ദുരിതങ്ങളില്‍ നിന്ന് മോചനം തേടിയും, നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച് വിശുദ്ധരുടെ മാധ്യസ്ഥം തേടുന്നതിനും ആയിരങ്ങള്‍ നാളെ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം അതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ കര്‍മ്മങ്ങളും പ്രദക്ഷിണവുമെല്ലാം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വാകും.

നാളെ രാവിലെ 10 ന് ആദ്യ പ്രദക്ഷിണത്തിന് തുടക്കമാകും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും, വൈദികരെയും, തിരുന്നാള്‍ പ്രസുദേന്തിമാരും, മാതൃവേദി പ്രവര്‍ത്തകരും ചേര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമാവുക. നൂറുകണക്കിന് പതാകകളും പൊന്നിന്‍ കുരിശുകളും വെള്ളിക്കുരിശുകളും മുത്തുക്കുടകളുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ മേളപ്പെരുക്കം തീര്‍ത്ത് മാഞ്ചസ്റ്റര്‍ മേളവും സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡും അണിനിരക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങളും വാഹിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായി നീങ്ങുന്ന പ്രദക്ഷിണം ഡങ്കരി റോഡ് വഴി പോയി പോര്‍ട്ട് വേയിലൂടെ നീങ്ങി തിരികെ പള്ളിയില്‍ പ്രവേശിക്കും. സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികളും,യുവജന സംഘടനകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കും.

തുടര്‍ന്ന് വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദവും നടക്കും. കഴുന്ന് നേര്‍ച്ച എടുക്കുന്നതിനും അടിമവെക്കുന്നതിനും ആയി പ്രത്യേക കൗണ്ടര്‍ പള്ളിയില്‍ പ്രവര്‍ത്തിക്കും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേത്തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു..

തിരുന്നാളിന്എത്തുന്നവര്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാളെ മാഞ്ചസ്റ്ററില്‍ എത്തുന്നവര്‍ പള്ളിയുടെ തൊട്ടടുത്തുള്ള കോര്‍ണീഷ് മാന്‍ പബ്ബിന്റെ കാര്‍പാര്‍ക്കില്‍ വേണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍. ഇവിടെ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പള്ളിയുടെ മുന്‍വശങ്ങളിലും പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

പബ്ബിന്റെ വിലാസം
Cornishman
Cornishway, Manchester
Wythenshawe
M22 0JX

ഈ കാര്‍പാര്‍ക്ക് നിറഞ്ഞാല്‍ പള്ളിയുടെ സമീപമുള്ള പോക്കറ്റ് റോഡുകളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയില്‍ വോളണ്ടിയേസിന്റെ നിര്‍ദ്ദേശാനുസരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

പള്ളിയുടെ വിലാസം

St.Antonys Church
Dunkery Rd,
Wythenshawe,
Manchester
M22 0WR

വേണുഗോപാല്‍ നയിക്കുന്ന ഗാനമേള എപ്പോള്‍ തുടങ്ങും, ആര്‍ക്കൊക്കെ പ്രവേശിക്കാം, വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം

പള്ളിയിലെ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിനെ തുടര്‍ന്ന് കൃത്യം 3 മണിക്ക് ഫോറം സെന്ററിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷം ആവും ഫോറത്തിലേക്കുള്ള പ്രവേശനം അനുവദിക്കുക. പാസ്സുകളുമായി എത്തുന്നവര്‍ക്ക് മാത്രം ആയിരിക്കും പ്രവേശനം. കൃത്യം 3.30 ന് ഗാനമേളക്ക് തുടക്കമാവും.വാഹനങ്ങളില്‍ എത്തുന്നവര്‍ ഫോറം സെന്ററിന്റെ കാര്‍പാര്‍ക്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

പരിപാടി നടക്കുന്ന ഫോറം സെന്ററിന്റെ വിലാസം

Wythenshawe Forum Centre
Simonsway, Wythenshawe, Manchester
M22 5RX

നാടന്‍ വിഭവങ്ങളുമായി കലവറ കേറ്ററിംഗ് ഒരുക്കുന്ന തട്ടുകട ഫോറം സെന്ററില്‍.

നാവില്‍ കൊതിയൂറും നാടന്‍ വിഭവങ്ങളുമായി സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ് ഒരുക്കുന്ന തട്ടുകട ഫോറം സെന്ററില്‍ പ്രവര്‍ത്തിക്കും. പരിപ്പുവടയും പഴം പൊരിയും തുടങ്ങി ചിക്കന്‍ ബിരിയാണിയും കപ്പ ബിരിയാണിയും ചുക്ക് കാപ്പിയും വരെ ഫോറം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലൂടെ ചൂടോടെ അപ്പപ്പോള്‍ ലഭ്യമാവും.