ന്യൂഇയര്‍ ഈവില്‍ മാഞ്ചസ്റ്ററിര്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയയാള്‍ അള്ളാ എന്ന് ഉറക്കെ ഉച്ചരിച്ചുവെന്ന് ദൃക്‌സാക്ഷി. മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. ഒരു സ്ത്രീക്കും പുരുഷനും ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍ക്കും ആക്രമണത്തില്‍ കുത്തേറ്റു. രാത്രി 9 മണിക്കു മുമ്പായി പ്ലാറ്റ്‌ഫോമില്‍ വെച്ചായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് സ്‌റ്റേഷന്‍ അടച്ചിടുകയും അക്രമിയെ നീളമേറിയ കത്തിയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതി താമസിച്ചിരുന്നതായി കരുതുന്ന ചീറ്റ്ഹാം ഹില്‍ റെസിഡന്‍സില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് തെരച്ചില്‍ നടത്തി.

ഇത് ഭീകരാക്രമണത്തിന്റെ ഗണത്തില്‍ പെടുത്തിയാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ഇയാന്‍ ഹോപ്കിന്‍സ് പറഞ്ഞു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ സഹായത്തോടെ കൗണ്ടര്‍ ടെററിസം ഓഫീസര്‍മാരാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ പരിക്കേറ്റവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. കുത്തേറ്റ മൂന്നു പേരുടെയും നില അതീവ ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍ ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. ഇയാളുടെ തോളിനാണ് കുത്തേറ്റത്. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് തന്നെയാണ് അക്രമിയെ കീഴടക്കിയത്. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്.