മാഞ്ചസ്റ്റര്‍: വചനപ്രഘോഷകനായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിച്ച ത്രിദിന നോമ്പുകാല ധ്യാനം മാഞ്ചസ്റ്ററില്‍ ഭക്തിസാന്ദ്രമായി. സ്വതസിദ്ധമായ ശൈലിയില്‍ കഥകളിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയും വിശ്വാസ മനസുകളില്‍ ദൈവിക കൃപകള്‍ നിറച്ച ധ്യാനത്തില്‍ മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങല്‍ നിന്നുമായി ഒട്ടേറെ ആളുകള്‍ പങ്കെടുത്തു. ഓരോക്രിസ്ത്യാനിയും മറ്റുളളവര്‍ക്ക് വേണ്ടി മുറിവേല്‍ക്കാന്‍ തയാറായി നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറാനും ബാഹ്യമായ ആചാര അനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ നിങ്ങളുടെ കുടുംബം കൊണ്ടും ജീവിതം കൊണ്ടും ദൈവത്തെ സാക്ഷ്യം വഹിക്കുന്നവരായിത്തീരുവാന്‍ ഫാ.ജിന്‍സണ്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
കഴിഞ്ഞ വെളളിയാഴ്ച മുതല്‍ വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു ധ്യാനം. മൂന്ന് ദിവസവും പ്രത്യേക ദിവ്യബലി ധ്യാനത്തിന്റെ ഭാഗമായി നടന്നു. ദിവ്യബലിയെ തുടര്‍ന്ന് പ്രത്യേക കൈവയ്പ് ശുശ്രൂഷയോടെയാണ് ധ്യാന പരിപാടികള്‍ സമാപിച്ചത്. ധ്യാന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും ഇടവകവികാരിയും ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിനുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി നന്ദി രേഖപ്പെടുത്തി.