മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ പ്രശസ്തമായ സെവൻസ് ക്ലബിന്റെ മൂന്നാമത് ചീട്ടുകളി മത്സരം ശനി, ഞായർ ദിവസങ്ങളിൽ ബ്രിട്ടാനിയ കൺട്രി ഹൗസ് ഹോട്ടലിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 11 മണിക്ക് ഉദ്ഘാടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന്‌ രണ്ട് ദിവസങ്ങളിലായി മാഞ്ചസ്റ്റർ ചീട്ട് കളി കമ്പക്കാർക്ക് വേണ്ടി ഉണർന്നിരിക്കും. ശനിയും ഞായറും ദിവസങ്ങളിലായി നടക്കുന്ന റമ്മി, ലേലം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുവാനായി യുകെ യുടെ വിവിധ ഭാഗങ്ങിൽ നിന്നായി നൂറ് കണക്കിന് ചീട്ടുകളിക്കാർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചീട്ടുകളി മത്സര വിജയികളെ കാത്തിരിക്കുന്നത് വൻപിച്ച സമ്മാനങ്ങളാണ്. റമ്മി മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി ട്രോഫിയും 501 പൗണ്ടുമാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 251 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട്. ലേലം മത്സര വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും 401 പൗണ്ടും ഒന്നാം സമ്മാനമായും, 201 പൗണ്ട് രണ്ടാം സമ്മാനമായും ലഭിക്കും.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മാഞ്ചസ്റ്റർ വിഥിൻഷോ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് “സെവൻസ് ക്ലബ്ബ് “. വളരെയേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേത്യത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു സംഘടന കൂടിയാണ്. കഴിഞ്ഞ വർഷം നടത്തിയ മത്സരത്തിന്റെ ലാഭം പൂർണ്ണമായും ക്യാൻസർ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിന് നൽകി മാതൃകയായ പ്രസ്ഥാനമാണ് സെവൻസ്.

ട്രിനിറ്റി ഇന്റീരിയേഴ്സ് (ബെഡ്റൂംസ് & കിച്ചൻ), ഡെൽറ്റാ ഫ്ലൈസ് മാഞ്ചസ്റ്റർ, അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ്, ടോർക്വായ് ടൈഗേഴ്സ് എന്നിവരാണ് മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണം ഫുഡ് സ്റ്റാളിൽ നിന്ന് ലഭിക്കുന്നതാണ്. മാഞ്ചസ്റ്ററിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ചീട്ടുകളി മത്സരങ്ങളിലേക്ക് എല്ലാ ചീട്ടുകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സെവൻസ് അംഗങ്ങൾ അറിയിച്ചു.

മത്സരം നടക്കുന്ന ഹോട്ടലിന്റെ വിലാസം:-
BRITANNIA COUNTRY HOUSE HOTEL,
PALATINE ROAD, MANCHESTER,
M20 2WG.