കൊല്ലം: കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അഞ്ചലിലാണ് സംഭവം. കേസില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) അറസ്റ്റ് ചെയ്തു. മറ്റൊരുപ്രതി തഴമേല്‍ ആസിഫ് മന്‍സിലില്‍ ആസിഫി(23)ന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ മാസം 25ന് വൈകീട്ട് ആറുമണിയോടെ പനയഞ്ചേരിയില്‍ വെച്ചാണ് മാണിക് റോയിയെ ശശിധരക്കുറുപ്പും ആസിഫും ചേര്‍ന്ന് മര്‍ദിച്ചത്. സമീപത്തെ വീട്ടില്‍നിന്ന് കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് വരികയായിരുന്നു മാണിക് റോയി. റോഡരികിലെ കലുങ്കിലിരുന്ന ഇരുവരും തടഞ്ഞുനിര്‍ത്തി മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.
മോഷ്ടിച്ചതല്ല, കോഴിയെ വിലയ്ക്കുവാങ്ങിയതാണെന്ന് യുവാവ് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു. കോഴിയെ വിറ്റ വീട്ടുകാര്‍ വന്നുപറഞ്ഞപ്പോഴാണ് മര്‍ദനം നിര്‍ത്തിയത്. രക്തംവാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനുംദിവസത്തെ ചികിത്സയ്ക്കുശേഷം മാണിക് റോയി കൂലിവേലയ്ക്കുപോയി. കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. തലയുടെ പിന്‍ഭാഗത്ത് മര്‍ദനമേറ്റുണ്ടായ മുറിവില്‍ അണുബാധയേറ്റതും വിദഗ്ദ്ധചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ ഫലത്തില്‍ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പന്ത്രണ്ടുവര്‍ഷമായി കുടുംബത്തോടൊപ്പം അഞ്ചലില്‍ താമസിക്കുകയായിരുന്നു മാണിക് റോയി.
Leave a Reply