മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ് കോടതി തീരുമാനം ഉണ്ടായത്. മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ട് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് ഭാര്യയെയും കുട്ടികളെയും കാണുകയോ ഏതെങ്കിലും വിധത്തില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വിലക്കിയിരിക്കുകയാണ്.
ബിസിനസ് ട്രിപ്പ് എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്‍റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍” എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.
തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്‍റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് ലക്സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.
2004ല്‍ വിവാഹിതരായ മഞ്ജുവും ലക്സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ് ഡൈവേഴ്സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.
ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുന്ന ലക്സന്‍ ഫ്രാന്‍സിസ് ട്രാഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ചും ലക്സന്‍ പരാജയപ്പെട്ടിരുന്നു.
മൂന്ന് മക്കളാണ് ലക്സന്‍ മഞ്ജു ദമ്പതികള്‍ക്ക്. 12വയസ്സ് പ്രായമുള്ള മൂത്ത കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരങ്ങള്‍ അറിയുന്നതും മഞ്ജു അനുഭവിച്ചിരുന്ന പീഡനങ്ങള്‍ പുറത്ത് വന്നതും.
വിചാരണ സമയത്ത് കോടതിയില്‍ ലക്സന്‍ പറഞ്ഞത് തനിക്ക് ഇനി മഞ്ജുവിന്‍റെ മുഖം പോലും കാണേണ്ടയെന്നും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ്.
Leave a Reply