കേശവദാസപുരത്ത് കൊലപ്പെട്ട വീട്ടമ്മ മനോരമയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല. ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. വീടിന്റെ അടുക്കളയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു 8 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്. മനോരമയുടെ ബന്ധുകള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.

സ്വര്‍ണാഭരണം മോഷ്ടിച്ചിട്ടില്ലെന്ന് പ്രതി ആദം അലി ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും വീടിന്റെ പിന്‍വശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

ഇതേ തുടര്‍ന്നാണ് ബന്ധുകള്‍ വീട്ടില്‍ പരിശോധന നടത്തിയത്. ഗുളികയും സ്വര്‍ണവും ഒരു ബാഗില്‍ അടുക്കളയില്‍ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പോലീസ് അറിയിച്ചു.

ചെമ്പരത്തി ചെടിയില്‍ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമായെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകള്‍ മനോരമയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അന്യസംസ്ഥാന തൊഴിലാളി ആദം അലി മനോരമയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് ആദം അലി വീട്ടമ്മയെ ആക്രമിച്ചത്. എന്നാല്‍ ഈ സമയത്ത് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നില്ലാത്തതിനാലാണ് ഇവ കവരാന്‍ ആദം അലിക്ക് സാധിക്കാതെ പോയതെന്നാണ് പോലീസ് വിലയിരുത്തുന്നത്.

നേരത്തെ വീട്ടില്‍ നിന്ന് 50,000 രൂപയും നഷ്ടപ്പെട്ടിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് പിന്നീട് വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. മോഷണശ്രമത്തിനാണ് കൊലപാതകം പ്രതി നടത്തിയതെങ്കിലും ഉദ്ദേശലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് ഇപ്പോള്‍ വിശദീകരിക്കുന്നത്.