ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെർബിഷെയറിലെ 42 വയസുകാരനായ ടോമി ലിഞ്ച് ഒരു ദിവസം രാവിലെയുണർന്നപ്പോൾ തന്റെ ശരീരം മുഴുവൻ നീല നിറമായതായി കണ്ടത് വലിയ ആശങ്കയ്ക്ക് കാരണമായി. സമ്മാനമായി ലഭിച്ച പുതിയ നേവി ബ്ലൂ ബെഡ്ഷീറ്റിൽ ഉറങ്ങിയതിന് പിന്നാലെയാണ് ഈ അവസ്ഥ ഉണ്ടായത്. സുഹൃത്ത് അദ്ദേഹത്തിന്റെ ശരീരത്തിലെ അസാധാരണ നിറം കണ്ടതോടെ ഗുരുതര ആരോഗ്യ പ്രശ്നമാകാമെന്ന ഭയത്തിൽ ഉടൻ ആശുപത്രിയിലെ എമർജൻസി വിഭാഗമായ A&E-യിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയപ്പോൾ സ്ഥിതി ഏറെ ആശങ്കാജനകമായി മാറി. എമർജൻസി വിഭാഗത്തിലുണ്ടായിരുന്നവർ തന്നെ അത്ഭുതത്തോടെ നോക്കിയതായി ടോമി പറഞ്ഞു. ജീവനക്കാർ ഉടൻ തന്നെ അടിയന്തിര പരിചരണത്തിലേക്ക് കൊണ്ടുപോയി ഓക്സിജൻ നൽകി. ആരോഗ്യപ്രശ്നം ഗുരുതരമായിരിക്കാമെന്ന ആശങ്കയിൽ ഒരേസമയം പത്ത് ഡോക്ടർമാർ വരെ എത്തി പരിശോധനകൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ രക്തം എടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടർ കൈയിൽ സ്വാബ് കൊണ്ട് തുടച്ചപ്പോൾ ആ തുണി തന്നെ നീല നിറമായി മാറി. അപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായത്. പുതിയ ബെഡ്ഷീറ്റിലെ നിറം ശരീരത്തിൽ പിടിച്ചതാണ് നീല നിറത്തിന് കാരണം. ഉറക്കത്തിനിടെ ശരീരം ചൂടാകുകയും വിയർപ്പുണ്ടാകുകയും ചെയ്തതോടെ ഷീറ്റിലെ ഡൈ ശരീരത്തിലേക്ക് പടർന്നതായിരിക്കാമെന്നാണ് കരുതുന്നത് .

ആശുപത്രിയിൽ നിന്ന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ച് മടങ്ങിയ ടോമി ലിഞ്ചിന് നീല നിറം പൂർണമായി മാറാൻ ദിവസങ്ങൾ എടുത്തു. പലതവണ കുളിച്ച ശേഷമാണ് നിറം മാറിയത്. കുളിച്ച വെള്ളം പോലും നീല നിറമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ഉടൻ ബെഡ്ഷീറ്റുകൾ കഴുകിയതായും പുതിയ ഷീറ്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകുക ഇല്ലെങ്കിൽ A&E-യിൽ ക്യൂവിൽ കിടക്കേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശയോടെയുള്ള മുന്നറിയിപ്പ്.











Leave a Reply