ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക്ഷെയറിലെ വെള്ളപ്പൊക്കം ഉണ്ടായ മേഖലയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റിനും മഴയ്ക്കും പിന്നാലെ യാത്രാ തടസ്സങ്ങൾ, പവർ കട്ട്, സ്കൂളുകൾ അടച്ചിടൽ എന്നിവയ്ക്ക് കാരണമായി. ബുധനാഴ്‌ച വരെ യെല്ലോ വാണിംഗ് പ്രഖ്യാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, തണുത്ത കാലാവസ്ഥയിൽ നിന്ന് ഉടനടി മാറ്റം ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.
നോർത്ത് യോർക്ക്ഷെയർ പോലീസ് ഉദ്യോഗസ്ഥരും വെസ്റ്റ് യോർക്ക്ഷെയറിലെ സേനയും ചേർന്ന് പ്രവർത്തിച്ചിട്ടും മൃതദേഹത്തെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. 50-നും 60-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഇയാൾക്ക്, ചെറിയ ഇളം തവിട്ട് നിറമുള്ള മുടിയും വെളുത്ത ശരീരവുമാണ്. ബ്രൗൺ വാക്കിംഗ് ബൂട്ടുകളും, ബ്രൗൺ ബെൽറ്റുള്ള നീല ജീൻസും, സിപ്പും ഹുഡും ഉള്ള ഒരു മൾട്ടി-കളർ നെയ്റ്റഡ് ജമ്പറും, കടുംപച്ച നിറത്തിലുള്ള വാട്ടർപ്രൂഫ് കോട്ടും അദ്ദേഹം ധരിച്ചിരുന്നു.
ശനിയാഴ്ചയോ ഞായറാഴ്ചയോ ആണ് ഇയാൾ വെള്ളത്തിൽ വീണതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ലെസ്റ്റർഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന് തിങ്കളാഴ്ച രാവിലെ മാത്രം 200-ലധികം കോളുകളാണ് ലഭിച്ചത്. ഇതിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതും വെള്ളം കയറുന്നതും വെള്ളപ്പൊക്കത്തിൽ മുങ്ങിയ കാറുകളും ഉൾപ്പെട്ട സംഭവങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് ഒരു സ്ത്രീയെ ലെസ്റ്റർഷെയർ റെസ്റ്റോറൻ്റ് ഉടമ രക്ഷിച്ച സംഭവം ഉണ്ടായി. പുറത്ത് വന്ന വീഡിയോ ഫൂട്ടേജിൽ ഗ്രേറ്റ് ഗ്ലെനിലെ ഇറ്റാലിയൻ ഗ്രേഹൗണ്ടിൻ്റെ ഉടമയായ സിമി കസാസി, വെള്ളത്തിൽ നീന്തി ഒരു സ്ത്രീയെ രക്ഷിക്കുന്നത് കാണാം. ഇന്നലെ ഉച്ചയോടെ ഇംഗ്ലണ്ടിലുടനീളം 180-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ടായിരുന്നു.
Leave a Reply