ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

കോവിഡ് – 19 രാജ്യത്തെ പിടിച്ചു കുലുക്കുകയും ബ്രിട്ടണിലെമ്പാടും ലോക് ഡൗൺ നിലവിൽ വരികയും ചെയ്തതോടുകൂടി സ്റ്റുഡന്റ് വിസയിൽ ബ്രിട്ടണിലുള്ള നിരവധി മലയാളികൾ കടുത്ത പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പലരും ഭക്ഷണം പോലും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനുപുറമേ പലർക്കും കൊറോണ വൈറസ് ബാധയേറ്റത് സ്ഥിതിഗതികൾ വഷളാക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തി കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടമായതാണ് പ്രശ്നങ്ങൾക്ക് കാരണം.

സ്റ്റുഡൻസ് വിസയിൽ എത്തിയവർ പലരും ചെറുകിട റീടെയിൽ ഷോപ്പുകളിൽ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസയിൽ എത്തിയവർക്ക് ഇല്ലെന്നുള്ളത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേബാക്ക്‌ അനുവദിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ കൂടി കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികളുടെ കടുത്ത ഒഴുക്കായിരുന്നു. പലരും വീടും വസ്തുവും പണയപ്പെടുത്തിയാണ് എങ്ങനെയും കടൽകടന്ന് ഒരു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹത്തോടെ യുകെയിൽ എത്തിയത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി സ്ഥിരതാമസമാക്കിയ പലരുടെയും കഥകൾ ഇത്തരക്കാർക്ക് പ്രചോദനം ആവുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ അവിചാരിതമായി കടന്നുവന്ന കൊറോണ ദുരന്തം ഇവരുടെയെല്ലാം പ്രതീക്ഷകളെ തട്ടിമറിച്ചിരിക്കുകയാണ്. കടുത്ത ജീവിത ചിലവുള്ളതിനാൽ യുകെ പോലുള്ള രാജ്യങ്ങളിൽ പാർട്ട്‌ ടൈം ജോലി എങ്കിലും ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല. സ്ഥിരതാമസക്കാരാകാൻ സാധ്യത കുറവായതിനാൽ വിവിധ സ്ഥലങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്കും ഇവരുടെ കാര്യത്തിൽ താത്പര്യമില്ല. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വിഷമിക്കുന്ന സ്റ്റുഡന്റ് വിസക്കാർക്ക് മലയാളി സംഘടനകളുടെ സഹായം, നാട്ടിൽ പോകാൻ താൽപര്യമുള്ളവർക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലുകളുമാണ് മലയാളി വിദ്യാർഥികളുടെ ആവശ്യം.