ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ആരോഗ്യരംഗത്ത് എന്താണ് കാതലായ പ്രശ്നം? കാത്തിരിപ്പു സമയം കൂടുന്നതാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ നിലവിൽ പല രോഗികൾക്കും തങ്ങളുടെ ജിപിമാരുമായി ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായി ചർച്ച ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പല രോഗികളുടെയും പല രോഗങ്ങളും മനസ്സിലാകാതിരിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുന്നതിന് ജിപിമാർക്ക് കഴിയാതെയും വരുന്നു . ഇത് ഫലത്തിൽ ആളുകളുടെ ആരോഗ്യസ്ഥിതി വഷളാകുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചിൽ രണ്ട് രോഗികളും അവരുടെ ആരോഗ്യത്തെ കുറിച്ച് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താതെ ജി പി അപ്പോയിന്മെന്റുകൾ അവസാനിപ്പിക്കുന്നതായാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു രോഗിയുടെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നതിന് പകരം എത്രയും പെട്ടെന്ന് അവരെ പറഞ്ഞു വിടാനാണ് കൂടുതൽ ഡോക്ടർമാർ ശ്രമിക്കുന്നത് എന്നാണ് സർവേയിലൂടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായ സർവേ നടത്തുന്ന സ്ഥാപനമായ ഇപ്സോസ് ആണ് യുകെയിലെ ആരോഗ്യപരിപാലന മേഖലയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്ന സൂചന നൽകുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
ഇംഗ്ലണ്ടിൽ 72 ശതമാനം ആളുകളും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഒരു ഫാമിലി ഡോക്ടറുമായി കൂടിയാലോചന നടത്താൻ ആഗ്രഹിക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെ അഞ്ചിൽ ഒരാൾ 20 മിനിറ്റെങ്കിലും തങ്ങൾക്ക് ഡോക്ടറുമായി രോഗവിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ആഗ്രഹമുള്ളവരാണ്. ഇപ്സോസിസ് പങ്കുവെച്ച ആശങ്ക തങ്ങൾക്കും ഉണ്ടെന്ന് റോയൽ കോളേജ് ഓഫ് ജിപിമാരുടെ ചെയർ പ്രൊഫ കമില ഹത്തോൺ പറഞ്ഞു. കൺസൾട്ടേഷനുകളിൽ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്, പ്രത്യേകിച്ച് ഒരു രോഗിക്ക് സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കടുത്ത ജോലി ഭാരമാണ് തങ്ങളുടെ അടുത്ത് വരുന്ന ആൾക്കാരെ മുഴുവനായി കേൾക്കാൻ സാധിക്കാത്തതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് . ജി പി മാരുടെ അടുത്ത് നിന്ന് ശരിയായ സേവനം രോഗികൾക്ക് ലഭിക്കണം. ഗുരുതരമായ രോഗങ്ങൾ പ്രാരംഭ ദശയിൽ കണ്ടെത്താനാകത്തത് നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പോരായ്മയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
Leave a Reply