ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകം ചുറ്റി യാത്ര ചെയ്യുന്ന മുംബൈ സ്വദേശി യോഗേഷ് അലേകാരിയുടെ യാത്രയ്ക്കിടെ യുകെയിൽ വെച്ച് ബൈക്ക് മോഷണം പോയത് നേരത്തെ മലയാളം യു കെ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലും യുകെയിലുമുള്ള ബൈക്ക് പ്രേമികളുടെ സമൂഹം അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് നൽകുന്നത്. “ഞങ്ങൾ നിങ്ങളോടൊപ്പം” എന്ന സന്ദേശങ്ങളോടെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പുതിയ ബൈക്കും വസ്ത്രങ്ങളും ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് സഹയാത്രികരും അനുഭാവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബൈക്ക് യാത്രികരുടെ ഐക്യം ലോകമെമ്പാടുമുള്ള മനുഷ്യർ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹത്തിലൂടെ വ്യക്തമായി.
“ലോങ്ങ് വേ ഹോം” സീരീസിന് പിന്നിലെ നടൻ ഇവാൻ മക്ഗ്രെഗറും അവതാരകൻ ചാർലി ബൂർമാനും നടത്തുന്ന പ്രൊഡക്ഷൻ കമ്പനി ഉൾപ്പെടെ നിരവധി പ്രമുഖരും സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നു. സഹായത്തിന് നന്ദി അറിയിച്ച യോഗേഷ്, തന്റെ ബൈക്ക് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിർത്തുന്നുവെന്നും, അന്യരായിട്ടും സഹോദരങ്ങളായി പെരുമാറുന്ന യാത്രാസ്നേഹികളുടെ കരുതലാണ് യാത്ര തുടരാനുള്ള ആത്മവിശ്വാസമെന്നും വ്യക്തമാക്കി.
33 കാരനായ അദ്ദേഹം 17-ലധികം രാജ്യങ്ങൾ പിന്നിട്ടതിന് ശേഷം ലണ്ടനിലെത്തി. ഓഗസ്റ്റ് 31-ന് നോട്ടിംഗാമിലെ വോളട്ടൺ പാർക്കിൽ പ്രഭാതഭക്ഷണത്തിനായി നിർത്തിയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ KTM 390 അഡ്വഞ്ചർ ബൈക്ക് മോഷണം പോയത്. കേസെടുത്ത നോട്ടിംഗാം പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നാലുപേർ ചേർന്ന് ചുറ്റിക ഉപയോഗിച്ച് ലോക്ക് തകർത്ത് മോട്ടോർ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞു. യാത്രയുടെ അടുത്ത ഘട്ടത്തിൽ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടോർബൈക്കോ രേഖകളോ ഇല്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹം തന്റെ ഓൺലൈൻ ഫോളോവേഴ്‌സിനെ സമീപിച്ചു. നോട്ടിംഗ്ഹാം പോലീസ് അന്വേഷണം ആരംഭിച്ചു, എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്സ് ആണ് ഉള്ളത് . മോഷ്ടിക്കപ്പെട്ട മോട്ടോർ ബൈക്കിന്റെയും മറ്റ് വസ്തു വകകളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക അന്വേഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടോർ ബൈക്ക് കണ്ടെത്തുന്നതിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു.
Leave a Reply