ജോജി തോമസ്

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ സമരത്തിനു പിന്തുണയുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്. സീറോ മലബാര്‍ സഭാ ജന്മദിനാഘോഷം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മാര്‍ ആലഞ്ചേരി സമരം ചെയ്യുന്ന നഴ്‌സസ് സമൂഹത്തിനുള്ള തന്റെ പിന്തുണ അറിയിച്ചത്. സംസ്ഥാനത്ത് നിരവധി സ്വകാര്യാശുപത്രികള്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലായതിനാല്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നിലപാട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാകും. സ്വകാര്യാശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടത് സാമാന്യനീതിയുടെ വിഷയമായി കാണണമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.

ഇതിനിടയില്‍ നഴ്‌സുമാരുടെ സമരം ന്യായമായ ആവശ്യമാണെന്ന് മനസിലാക്കി 50 ശതമാനം ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് സമരം ഒത്തുതീര്‍പ്പാക്കിയ തൃശൂര്‍ ദയ ആശുപത്രിയെ മാനേജ്‌മെന്റ് സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നഴ്‌സസ് സമരത്തോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവമായാണ് ദയ ആശുപത്രിയോടുള്ള പ്രതികാര നടപടിയെ വിലയിരുത്തുന്നത്.

നഴ്‌സസ് സമരം ശക്തമാകന്നതിനിടയില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വേതന വര്‍ദ്ധന സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ഒരു മാസത്തെ സാവകാശം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സമരം ചെയ്യുന്ന നഴ്‌സസ് സംഘടന നിരാകരിച്ചു. ഒത്തുതീര്‍പ്പ് സാധ്യതകള്‍ തേടി യുഎന്‍എയുമായി തൊഴില്‍ മന്ത്രി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.