ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിന് തന്റെ പ്രഥമ ഇടയ സന്ദര്‍ശന വേളയില്‍ യു.കെയിലെ മലങ്കര സഭമക്കള്‍ ഹൃദ്യമായ സ്വീകരണവും അനുമോദന സമ്മേളനവും ഒരുക്കുന്നു. ഏപ്രില്‍ 7 ശനിയാഴ്ച, രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് സെന്റര്‍ -സെന്റ് അന്നാസ് ദേവാലയത്തില്‍ വൈദികരും സഭാംഗങ്ങളും ചേര്‍ന്നു അഭിവന്ദ്യ പിതാവിന് ഹൃദ്യമായ സ്വീകരണം നല്‍കും. തുടര്‍ന്ന്, യുകെയിലെയും യൂറോപ്പിലെയും സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന വലിയ ലക്ഷ്യത്തോടെ പരിശുദ്ധ സിംഹാസനം മലങ്കര സഭക്കായി യൂറോപ്പില്‍ അപ്പോസ്‌തോലിക് വിസിറ്റേറ്ററിനെ നിയമിച്ചതിന് നന്ദിയായി മാര്‍ തിയോഡോഷ്യസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. മലങ്കര സഭയിലെയും, ഇതര സഹോദര സഭകളിലെയും വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.
വിശുദ്ധബലിക്കു ശേഷം നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തില്‍ മലങ്കര സഭയുടെ യു. കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, സീറോ മലബാര്‍ സഭ യുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയ്കയില്‍, മലങ്കര സഭാ ചാപ്ലൈന്‍മാരായ ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഫാ.ജോണ്‍ അലക്‌സ് ,നാഷണല്‍ കൗണ്‍സില്‍ , എം.സി.വൈ. എം , ഭക്ത സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. തുടര്‍ന്ന്, യുവജന വര്‍ഷം 2018 മാര്‍ തിയോഡോഷ്യസ് ഉല്‍ഘാടനം ചെയ്യും. 2017 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മതബോധന പരിശീലന ഗാനവും വേദിയില്‍ പ്രകാശനം ചെയ്യപ്പെടും.
ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലങ്കര കത്തോലിക്കാ സഭയ്ക്ക് യു.കെയില്‍ പതിനാലു മിഷനുകളാണ് നിലവിലുള്ളത്. പുതിയ മിഷനുകളുടെ രൂപീകരണം കാര്യക്ഷമമായി നടന്നുവരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ വിവിധ മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.യൂറോപ്പിലെ മലങ്കര സഭയ്ക്കായി ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസിനെ മാര്‍പ്പാപ്പ നിയമിച്ചത് ദൈവനിയോഗമായി കാണുകയാണ് മലങ്കര മക്കള്‍. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഒന്നാം റാങ്കോടെ ബിരുദംനേടിയ മാര്‍ തിയോഡോഷ്യസ് റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‌നിന്നും കാനന്‍ ലോയില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയുള്‍പ്പടെ വിവിധ വിദേശ രാജ്യങ്ങളില്‍ സഭാ സേവനം ചെയ്തിട്ടുള്ള മാര്‍ തിയോഡോഷ്യസിന് മാതൃ ഭാഷക്ക് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍,ജര്‍മന്‍, ലാറ്റിന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ സെക്രട്ടറി, തിരുവനന്തപുരം മേജര്‍ അതിരൂപതാ നോട്ടറി, ചാന്‍സലര്‍, ജുഡീഷ്യല്‍ വികാര്‍ & ജഡ്ജ്, എപ്പാര്‍ക്കിയല്‍ കൗണ്‍സില്‍ സെക്രട്ടറി, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍,മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, പാളയം സെന്റ് മേരീസ് ബസലിക്ക റെക്ടര്‍, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(സി.ബി.സി.ഐ )കോര്‍ ടീം കോര്‍ഡിനേറ്റര്‍, ഡല്‍ഹി ഗര്‍ഗോണ്‍ രൂപതയുടെ വികാരി ജനറല്‍, ചാന്‍സലര്‍, പി.ആര്‍. ഓ എന്നീ ചുമതലകളില്‍ 1985 മുതല്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള മാര്‍ തിയോഡോഷ്യസ് ആഗോള കത്തോലിക്കാ സഭയുടെ വിവിധ ഔദ്യോഗിക കമ്മീഷനുകളില്‍ അംഗമാണ്. മലയാളത്തിലും ഇംഗ്‌ളീഷിലുമായി ആറോളം പുസ്തകങ്ങളും ജേര്‍ണലുകളും പിതാവിന്റെതായുണ്ട്.
ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ‘സ്‌നേഹസ്വരൂപാ തവദര്‍ശനം, നായകാ ജീവദായകാ, ആത്മസ്വരൂപാ എന്നീ ഗാനങ്ങള്‍ രചിച്ചതും മാര്‍ തിയോഡോഷ്യസാണ്. ചുരുങ്ങിയ സന്ദര്‍ശന സമയത്തിനുള്ളിയില്‍തന്നെ ഊര്‍ജസ്വലതയോടെ യു.കെയിലെ വിവിധ രൂപതാധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്ത പിതാവ് സഭാമക്കളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചുകഴിഞ്ഞു.
സമ്മേളന വിലാസം: Mar Ivanios Centre, St.Annes Church, 170 Woodward Road, Dagnem, London RM9 4SU.
Leave a Reply