ജോണ്‍സന്‍ ജോസഫ്
ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തുന്നു. യുകെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്ന് ദൗത്യമാണ് പരിശുദ്ധ സിംഹാസനം ഈ നിയമനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ പതിനാറ് മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.
എക്ളേസ്യാസ്റ്റിക്കല്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നീ വൈദികരുടെ ആത്മീയനേതൃത്വത്തില്‍ നീങ്ങുന്ന സഭക്ക് മാര്‍ തിയോഡോഷ്യസ് പുത്തനുണര്‍വും ഓജസും പകര്‍ന്നു നല്‍കും. യുകെയിലെ എല്ലാ മിഷന്‍ സെന്ററുകളും സംയുക്തമായി ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ സെന്ററില്‍ അഭിവന്ദ്യ പിതാവിന് പ്രൗഡ ഗംഭീരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണവും അനുമോദന സമ്മേളനവും നടത്തപ്പെടും.
യുകെയിലെ വിവിധ ദേശങ്ങളിലെ മിഷനുകള്‍ കേന്ദ്രങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കാനും, വിശുദ്ധവാര ശുശ്രൂഷയില്‍ പങ്കെടുക്കാനും വിവിധ രൂപതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്താനുമായി അഭിവന്ദ്യ പിതാവ് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാമക്കള്‍.
Leave a Reply