ഷെറിൻ പി യോഹന്നാൻ
കുഞ്ഞാലി മരയ്ക്കാരുടെ ജീവിതവും പോരാട്ടങ്ങളും അന്ത്യവുമെല്ലാം വൈദേശിക കോളനിവത്കരണത്തിനെതിരേ നമ്മുടെ ചരിത്രം സാക്ഷ്യം വഹിച്ച അപൂർവം ചെറുത്തുനില്പുകളിലൊന്നാണെന്ന്. എന്നാൽ ഒരു മുൻകൂർ ജാമ്യമെടുത്താണ് പ്രിയദർശൻ ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിൽ എത്തിച്ചത്. “അല്പം ചരിത്രവും അധികം ഭാവനയും നിറഞ്ഞ പ്രിയദർശൻ ചിത്രമാണ് മരക്കാർ” എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ആരാധകരും അണിയറപ്രവർത്തകരും മാധ്യമങ്ങളും ചേർന്ന് ഓവർ ഹൈപ്പ് സൃഷ്ടിക്കുകയും ചെയ്തു. തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങളുടെ ആകെത്തുകയായി പ്രിയദർശൻ വിശേഷിച്ച ചിത്രം, നിരാശപ്പെടുത്തുന്ന അനുഭവമായി പരിണമിക്കുകയാണ്. ‘പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ പടം കാണണം’ എന്ന ഡയലോഗിനോടുള്ള എതിർപ്പ് ആദ്യമേ അറിയിക്കുന്നു!
മമ്മാലി എന്ന കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണവ് മോഹന്ലാലില് നിന്നും ആരംഭിച്ച് മോഹന്ലാലിലൂടെ അവസാനിക്കുന്ന മരക്കാരുടെ ജീവിത കഥ. ചതിപ്രയോഗത്തിലൂടെ ഉറ്റവരെ നഷ്ടപ്പെട്ട മമ്മാലി, മറ്റൊരു നാട്ടിലെത്തി പുതിയ ജീവിതം തിരഞ്ഞെടുക്കുന്നു. പിന്നീട്, കോഴിക്കോട്ടെ സാമൂതിരിയുടെ നാവികപ്പോരാളിയായി കുഞ്ഞാലി വളർന്നതെങ്ങനെയെന്നും തുടർന്ന് ദയനീയമായ പര്യവസാനത്തിലേക്ക് എത്തിയതെങ്ങനെയെന്നും സിനിമ പറയുന്നു.
പ്രിയദർശൻ – മോഹൻലാൽ സിനിമകൾ മലയാളികളുടെ മനസ്സിൽ പതിഞ്ഞവയാണ്. ആ ചിത്രങ്ങളുടെ നിഴൽ മരക്കാറിലും വീണുകിടപ്പുണ്ട്. ഇത്തരമൊരു ചരിത്രകഥ പറയുമ്പോൾ നിലവാരമുള്ള, ശക്തമായ തിരക്കഥയും അവതരണരീതിയും അത്യാവശ്യമാണ്. മരക്കാറിൽ ഇത് രണ്ടും മിസ്സിംഗ് ആണ്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു ‘ബ്രഹ്മാണ്ഡ’ സിനിമയാണിത് എന്നുകൂടി ഓർക്കണം. പ്രണവിന്റെ ആക്ഷൻ സീനുകൾ മികച്ചുനിൽക്കുന്നെങ്കിലും മോഹൻലാലിലേക്ക് എത്തുമ്പോൾ ആ എനർജി നഷ്ടമാവുന്നു. പ്രധാന കഥാപാത്രങ്ങളുടെ മരണം സ്ക്രീനിൽ വരുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകനുമായി കണക്ട് ആവാതെ കഥ മുന്നോട്ട് കൊണ്ടുപോകാനുള്ള ടൂൾ മാത്രമായി മാറുകയാണ്. അതുകൊണ്ട് തന്നെ കുഞ്ഞാലിയുടെ മരണം യാതൊരു ഇമ്പാക്ടും ഉണ്ടാക്കുന്നില്ല.
ആദ്യ പകുതിയിലെ യുദ്ധരംഗം നന്നായിരുന്നു. കലാസംവിധാനവും ഛായാഗ്രഹണവും ഗംഭീരമാണ്. ഒട്ടേറെ മികച്ച ഫ്രെയിമുകൾ ചിത്രത്തിലുണ്ട്. പ്രണവ്, അർജുൻ സർജ, ഹരീഷ് പേരാടി, സുനിൽ ഷെട്ടി, ചിന്നാലിയെ അവതരിപ്പിച്ച വിദേശ നടൻ എന്നിവരുടെ പ്രകടനങ്ങൾ മാത്രമാണ് മനസ്സിൽ നിൽക്കുന്നത്. കുഞ്ഞാലിയുടെ കൈ കൊണ്ട് അബദ്ധത്തിൽ മരിച്ച ഒരുവന്റെ ഭാര്യയായി മഞ്ജു വാര്യർ എത്തുമ്പോൾ തന്നെ മനസിലാക്കാം ക്ലൈമാക്സ് എന്താണെന്ന്!
തിരക്കഥയിൽ ശ്രദ്ധ പുലർത്താതെ CGI ൽ അമിതമായി ആശ്രയിച്ചിരിക്കുകയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വരുന്ന രണ്ട് ഗാനങ്ങൾ, സാമൂതിരിയുമായി തെറ്റാനുണ്ടായ കാരണം, കഥാപാത്രങ്ങളുടെ സ്ലാങ്, കുഞ്ഞാലിയുടെ ഏതാനും സംഭാഷണങ്ങൾ എന്നിവയൊക്കെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. ചില ‘മാസ്സ്’ ഡയലോഗുകളൊക്കെ ചിരിപ്പിക്കുമ്പോൾ കുഞ്ഞാലിയെന്ന കഥാപാത്രത്തിന് ഒരുതരത്തിലും ചേരാത്ത ഒരു ജാതീയ ഡയലോഗ് പറയിപ്പിക്കാനും പ്രിയദർശൻ തയ്യാറായിട്ടുണ്ട്. രണ്ടാം പകുതിയിൽ, കുഞ്ഞാലി സ്വയം വിഡ്ഢിയായി മാറുകയാണോ എന്ന സംശയവും പ്രേക്ഷകനെ അലട്ടും. ‘ബാഹുബലി’യിലെ ഗംഭീര സീനിനോട് സമാനമായി ഇവിടെ വന്ന രംഗം നനഞ്ഞ പടക്കം മാത്രമായി മാറി. നൂറ് കോടി മുടക്കി നിർമിച്ച ചിത്രത്തിൽ ഹോളിവുഡ് സിനിമകളിലെ രംഗങ്ങൾ തിരുകികയറ്റിയത് ന്യായീകരിക്കാനാവില്ല. തന്നെ ചതിച്ചവരോട് കുഞ്ഞാലി പകരംവീട്ടുന്ന ക്ലൈമാക്സ് രംഗങ്ങൾ വളരെ മോശമായാണ് ചിത്രീകരിച്ചത്. പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തുന്ന രംഗങ്ങൾ ഇല്ലാതെ ഒരു ചരിത്രകഥയെ സ്വതന്ത്ര ആഖ്യാനത്തിലൂടെ വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുകയാണ് പ്രിയദർശൻ.
വിഷ്വൽ എഫക്ടിൽ എത്ര മികച്ചുനിന്നാലും കഥാപാത്ര നിർമിതിയിലും തിരക്കഥയിലും നീതി പുലർത്തിയില്ലെങ്കിൽ ചിത്രം പ്രേക്ഷകനിൽ നിന്നകന്നു പോകും. ആകാംഷയുണർത്താത്ത കഥാസന്ദർഭങ്ങളും കൂടിയാവുമ്പോൾ നിരാശയാണ് ഫലം. കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക. ഒടിടിയിൽ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി ‘മരക്കാർ’ മാറിയേക്കും!
Leave a Reply