ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്, പ്രാര്‍ത്ഥനയാലും ഉപവാസത്താലും ഓരോ ദിവസവും കഠിനതയേറി ദൈവ നിയോഗങ്ങളെ തിരിച്ചറിയാനുള്ള പ്രാപ്തി നാം കൈവരിച്ചു. ആത്മീകമായ തപനം പാപകറകളെ ഉരുക്കി നിര്‍മ്മലതയെ പുല്‍കി സ്വയത്തിനും സമൂഹത്തിനും ദൈവകൃപകളെ പകരുവാന്‍ നാം സജ്ജരായി. നമ്മുടെ ജീവിത നിഷ്ഠ നമുക്ക് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവര്‍ക്കും നല്‍കുമ്പോള്‍ ആത്മീക ജീവിതം സഫലമാകുന്നു. ഇന്ന് നാം ധ്യാനിക്കുന്നത് വി. മാര്‍ക്കോസിന്റെ സുവിശേഷം 2:1-12 വരെയുള്ള ഭാഗങ്ങളാണ്. യേശു ഒരു ഭവനത്തില്‍ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോ തളര്‍ന്ന് കിടന്ന ഒരു മനുഷ്യനെ നാല് പേര്‍ ചേര്‍ന്ന് കട്ടിലോടുകൂടി സൗഖ്യത്തിനായി അവന്റെ മുന്‍പില്‍ എത്തിക്കുന്ന വായനാ ഭാഗമാണ്. പ്രതിബന്ധങ്ങള്‍ അനവധി അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നു. ലക്ഷ്യം മാര്‍ഗ്ഗതടസങ്ങളെ നിര്‍വീര്യമാക്കി.
തളര്‍വാത രോഗിയായ മനുഷ്യന്‍ നമ്മുടേയും നമ്മുടെ സമൂഹത്തിന്റെയും പ്രതിനിധിയാണ്. ആത്മീയതയില്‍ തളര്‍ച്ച, വിശ്വാസത്തില്‍ തളര്‍ച്ച, സഹജീവികളോടുള്ള സമീപനങ്ങളില്‍ തളര്‍ച്ച, ഇങ്ങനെ പലതും ദൈവ സാമിപ്യത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. ബോധപൂര്‍വ്വം ദൈവിക ദാനങ്ങള്‍ മറന്ന് നാം ജീവിക്കുന്നു. എന്നാല്‍ നാല് പേര്‍ ഇവനെ താങ്ങി കര്‍ത്താവിന്റെ അടുത്ത് എത്തിക്കുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് അവന്റെ ശരീരത്തിനും മനസിനും സൗഖ്യം നല്‍കുന്നു. അപ്പോസ്‌തോലിക കാലങ്ങളില്‍ അവര്‍ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥിച്ചു പോന്നു. ആത്മികമായ വളര്‍ച്ചയ്ക്ക് ഈ നാല് തൂണുകള്‍ അവരെ പ്രാപ്തരാക്കി. (പ്രവൃത്തികള്‍ 2:42). സഭയുടെ വളര്‍ച്ച തന്നെ ഈ നാല് തൂണുകളിന്മേലായിരുന്നു. ഇന്ന് നാം ചൊല്ലുന്ന വിശ്വാസ പ്രമാണത്തിലും സുസ്ഥിരമായ നിലനില്‍പിന് വേണ്ടിയുള്ള നാല് തൂണുകള്‍ നാം അനുദിനം ചൊല്ലുന്നു. കാതോലികവും അപ്പോസ്തലികവും ഏകവും പരിശുദ്ധവും. എന്നാല്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അനുവര്‍ത്തിക്കപ്പെടേണ്ടതായ നാല് തൂണുകള്‍ ഉണ്ട്. വിശ്വാസത്തില്‍ ഉള്ള തീക്ഷണത, നിത്യ ജീവകലേക്കുള്ള തീക്ഷ്ണ. ഇവയില്‍ ഏതിലെങ്കിലും നാം അലസത കാണിച്ചാല്‍ തളര്‍വാത രോഗിയോട് നാമും സമന്മാരാകും.
അങ്ങനെയുള്ള ആത്മീയ യാത്രയില്‍ അനവധി പ്രതിബന്ധങ്ങള്‍ നാം തരണം ചെയ്യേണ്ടി വരും. പലതും നമ്മെ പഴയജീവിതത്തിലേക്ക് തിരികെ കൊണ്ട് പോകുന്നതുമാണ്. ആള്‍ക്കൂട്ടത്തേയും സ്ഥലപരിമിതിയേയും മറികടന്നെന്ന് വിശ്വാസത്താല്‍ ഈ നാല്‍വര്‍ കര്‍ത്താവിന്റെ അടുത്ത് ഇവനെ എത്തിക്കുന്നത്. അവനെ കണ്ട ഉടന്‍ അവന്റെ ശാരീരിക ബലഹീനതകളെക്കാള്‍ മുന്‍പേ അവന്റെ ആത്മിക തലങ്ങളെ ആണ് സൗഖ്യമാക്കിയത്. മകനേ നിന്റെ പാപങ്ങള്‍ മോചിച്ച് തന്നിരിക്കുന്നു. അവന്റെ പാപഭാരങ്ങള്‍ മോചിച്ച ഉടനെ അവന്റെ ശാരീരിക ബന്ധനങ്ങളും മാറുന്നു. അവന്‍ കിടക്ക എടുത്ത് സന്തോഷത്തോടെ മടങ്ങിപ്പോകുന്നു.
നമ്മുടെ അലസതയും മടിയും മാറ്റി ദൈവസന്നിധിയില്‍ എത്തപ്പെടുമ്പോള്‍ ശാരീരികവും മാനസികവുമായ സൗഖ്യം നമുക്ക് ലഭിക്കുന്നു. ഒരു വലിയ സാക്ഷ്യ ജീവിതത്തിന്റെ പൊരുളും ഈ ഭാഗത്ത് നിന്ന് ലഭിക്കുന്നു. നമ്മുടെ ജീവിതം, വിശ്വാസം, തീക്ഷ്ണ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ ഇവ മൂലം അനേകം തളര്‍വാദി രോഗികളെ കര്‍ത്താവിന്റെ സന്നിധിയില്‍ സൗഖ്യത്തിനും പാപ മോചനത്തിനും ആയി എത്തിക്കേണ്ട ഉത്തരവാദിത്വം. ഓരോ ക്രൈസ്തവനും ഈ നിയോഗം സ്വീകരിക്കുമ്പോള്‍ ദൈവരാജ്യം നമ്മുടെ ഇടയില്‍ തന്നെ ഉയര്‍ന്ന് വരും. നാം ഇന്ന് വരെ ആശ്രയം കണ്ടെത്തിയ പലതും പുതിയ ജീവിതത്തില്‍ ഉപേക്ഷിക്കേണ്ടി വരും, തികച്ചും പുതിയ ജീവിതം.
നമ്മുടെ പാപങ്ങളെ മോചിച്ച്, കൂദാശാധിഷ്ഠിതമായ ഒരു ജീവിതം ഈ നോമ്പില്‍ നമുക്ക് ആരംഭിക്കാം. കുടുംബത്തിലും സമൂഹത്തിലും കഴിയുന്ന അശരണരേയും രോഗികളേയും കുറവുകള്‍ ഉള്ളവരേയും നമുക്ക് ദൈവ മുന്‍പാകെ കൊണ്ട് വരാം. നമ്മുടെ വിശ്വാസം കണ്ടിട്ട് അവര്‍ക്ക് സൗഖ്യം ലഭിക്കണം. ”എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് കര്‍ത്താവ് പറഞ്ഞപോലെ നമ്മെ കണ്ടിട്ട് നമ്മുടെ ദൈവത്തെ കണ്ടെത്താന്‍ സമൂഹത്തിന് കഴിയട്ടെ.
അതാകട്ടെ നമ്മുടെ സാക്ഷ്യം
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
Leave a Reply