ഉത്തര്‍പ്രദേശിലെ എറ്റയില്‍ ‘ഗ്രീഷ്മ മോഡല്‍’ കൊലപാതകം. യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാരായണ്‍ സ്വദേശിനിയായ ചിത്രയാണ് കാമുകനായ അങ്കിതിനെ കൊന്നത്. മറ്റൊരാളെ വിവാഹം കഴിച്ച ചിത്ര അങ്കിതുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വ്യക്തമായ പദ്ധതിയിട്ട ശേഷം കാമുകനെ കൊല്ലുകയായിരുന്നു. അങ്കിതിന്റെ ഫോണ്‍ രേഖകളാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയഴിച്ചത്. കേസിലെ പ്രതികളായ കാമുകിയും ഭര്‍ത്താവും സഹോദരനും ഒളിവിലാണ്.

ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഇതോടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ചിത്ര ബുലന്ദ്ഷഹര്‍ സ്വദേശിയായ ഹേമന്തിനെ വിവാഹം കഴിച്ചു. എന്നാല്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ പരസ്പരം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ചിത്രയുടെ സഹോദരന്‍ അമിത് അങ്കിതിനോട് കടുത്ത ദേഷ്യത്തിലായിരുന്നു.

ഒരു ദിവസം ചിത്ര എടാട്ട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അങ്കിതിനെ ഫോണില്‍ വിളിച്ചെന്നാണ് വിവരം. തുടർന്ന് തന്നെ കാണാനെത്തിയ അങ്കിതിന് യുവതി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം ചിത്ര സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ശീതളപാനീയം കുടിച്ച ശേഷം ബസില്‍ കയറിയ അങ്കിതിന്റെ ആരോഗ്യനില മോശമായി. മെയിന്‍പുരിയിലേക്കുള്ള യാത്രക്കിടെ ഇയാള്‍ സഹോദരനെ ഫോണില്‍ വിളിച്ച് ചിത്ര ശീതളപാനീയത്തില്‍ എന്തോ കലക്കി നല്‍കിയെന്ന് പറഞ്ഞു. പിന്നാലെ അവശനിലയിലായ ഇയാളെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ അങ്കിത് മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആശുപത്രിയില്‍ അങ്കിത് അവസാന ശ്വാസമെടുക്കും മുമ്പ് ചിത്ര വിളിച്ചു. ‘ഹലോ ഹലോ’ എന്ന് ഇയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ഫോണെടുത്ത് സംസാരിച്ചു. ഇതോടെ ‘ഒന്നും സംഭവിച്ചില്ലെങ്കില്‍ തൂങ്ങിമരിക്കണം, ഗുഡ് ബൈ’ എന്ന് ചിത്ര മറുപടി നല്‍കി. ശരിയെന്ന് അങ്കിതും പറഞ്ഞു. പിന്നാലെ നിനക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ഭക്ഷണം കൂടി തരാമായിരുന്നുവെന്നും അങ്കിത് പരിഹസിച്ചു. ഇതോടെ ഇങ്ങനെ തന്നെ മരിച്ചേക്കണമെന്ന് പറഞ്ഞ് യുവതി ഫോണ്‍ കട്ട് ചെയ്തു. ഈ കോള്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് അങ്കിത് മരിച്ചോ ഇല്ലയോ എന്നറിയാനാണ് ചിത്ര വിളിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.

ഇത് കൂടാതെ മറ്റൊരു കോള്‍ റെക്കോര്‍ഡിംഗില്‍ കാമുകി അങ്കിതിനോട് തന്നെ കാണാന്‍ വരാന്‍ നിര്‍ബന്ധിക്കുന്നതുമുണ്ട്. മാര്‍ച്ച് 16ന് വരുന്നതിനെക്കുറിച്ച് അങ്കിത് കാമുകിയോട് പറയുന്നു. ഇത്തരത്തിൽ കൊലപാതകത്തിനുള്ള സമ്പൂര്‍ണ പദ്ധതി ചിത്ര നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭാഷണങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. അങ്കിതിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്

അങ്കിതിന്റെ ബന്ധുക്കളുടെ പരാതിയില്‍ ചിത്ര, ഭര്‍ത്താവ് ഹേമന്ത്, കാമുകിയുടെ സഹോദരന്‍ അമിത് എന്നിവര്‍ക്ക് എതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ തെളിവുകള്‍ കൂടി പരിഗണിച്ച് പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.