ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എനർജി ബിൽ കുത്തനെ ഉയരുന്നത് യുകെ മലയാളികൾ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കുന്നു. ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ് ഉയരുമ്പോൾ 1,277 പൗണ്ട് എന്ന ശരാശരി വാർഷിക ബിൽ 46% ഉയർന്ന് 1,865 പൗണ്ടിൽ എത്തുമെന്നും ഓഗസ്റ്റിൽ അത് 2000 പൗണ്ട് കടക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിച്ചു. ഈ വില വർദ്ധനവ് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കും. അതിനാൽ പ്രധാനമന്ത്രി ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഊർജ്ജ ബില്ലുകളിലെ വാറ്റ് വെട്ടിക്കുറയ്ക്കാനും ‘ഗ്രീൻ ലെവികൾ’ താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള അഭ്യർത്ഥന ഉയരുന്നത് പ്രധാനമന്ത്രിയെയും ചാൻസലറെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം കൈകൊണ്ടില്ലെങ്കിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് എംപിമാർ ഭയക്കുന്നു. കഴിഞ്ഞ ഒരു വർഷമായി മൊത്ത ഊർജ്ജ ചെലവ് കുതിച്ചുയരുകയാണ്. 2021-ൽ യുകെയിലെ 20-ലധികം ഊർജ്ജ വിതരണക്കാരാണ് തകർന്നത്.

ഈ വർഷത്തെ എനർജി ബില്ലുകൾ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് നാഷണൽ എനർജി ആക്ഷൻ ചീഫ് എക്‌സിക്യൂട്ടീവ് ആദം സ്‌കോറർ മുന്നറിയിപ്പ് നൽകി. നികുതികൾ ഉയരുന്നതിന്റെ തിരിച്ചടി നേരിടുന്ന ജനങ്ങൾക്ക് എനർജി ബില്ലുകൾ കൂടി കുതിച്ചുയരുന്നതോടെ ഇരട്ടി പ്രഹരമാവും ഏൽക്കേണ്ടി വരിക.