വടക്കൻ അയർലൻഡിലെ സമാധാനകരാറിനു മുൻകൈയെടുത്ത മാർട്ടിൻ മക്ഗിന്നസ് (66) അന്തരിച്ചു. ബ്രിട്ടനിൽനിന്ന് വടക്കൻ അയർലൻഡിനു സ്വാതന്ത്ര്യം തേടിയിരുന്ന സായുധപ്രസ്ഥാനമായ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ)യെ നയിച്ച മക്ഗിന്നസ് പിന്നീടു സമാധാനചർച്ചകളിലെ മുഖ്യനായി. വടക്കൻ അയർലൻഡിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ പദവിയിൽനിന്ന് ഈ ജനുവരിയിലാണ് അദ്ദേഹം രാജിവച്ചത്.
അവയവങ്ങളിലും കോശങ്ങളിലും അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീൻ അടിഞ്ഞുകൂടുന്ന അത്യപൂർവമായ ജനിതകരോഗമായിരുന്നു മരണകാരണം.
ഐആർഎ തലവനായിരുന്നശേഷം അവരുടെ രാ ഷ്ട്രീയപ്രസ്ഥാനമായ സിൻ ഫെയിനിന്റെ നേതാവായി. ഐആർഎയെ മക്ഗിന്നസ് നയിച്ചിരുന്ന അവസരത്തിലാണ് മൗണ്ട് ബാറ്റൻ പ്രഭുവിനെയും 18 സൈനികരെയും ഒന്നിച്ചു വധിച്ച ബോംബ് സ്ഫോടനം നടത്തിയത്.
ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ലേബർ ഗവൺമെന്റുമായി ചർച്ച നടത്തി ഐആർഎ പോരാളികൾക്ക് കുറ്റവിമുക്തിയും തടവുകാർക്ക് ശിക്ഷ ഇളവും നേടിക്കൊടുത്ത കരാർ ഉണ്ടാക്കുന്നതിൽ ഗെറി ആഡംസിനൊപ്പം മക്ഗിന്നസ് വലിയപങ്ക് വഹിച്ചു.