കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. കായിക മേഖല ആകെ നിശ്ചലമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോക്‌സിംഗ് താരം മേരി കോം പ്രതികരിക്കുകയാണ്. ഒളിംപിക്സില്‍ സ്വര്‍ണം നേടാതെ തന്റെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് മേരി കോം വ്യക്തമാക്കുന്നത്. 37 കാരിയായ താരം തന്റെ രണ്ടാമത്തെ ഒളിംപിക്സിനായുള്ള കഠിന പരിശീലനത്തിലാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫേസ്ബുക്ക് ലൈവ് സെഷനുവേണ്ടി ‘മേക്കിംഗ് ഓഫ് എ ചാമ്പ്യന്‍’ എന്ന വിഷയത്തില്‍ മേരി കോം പറഞ്ഞു.
ഒളിംപിക്സിലായാലും ലോക ചാമ്പ്യന്‍ഷിപ്പിലായാലും ജയിച്ച് കയറാന്‍ എന്റെ പക്കല്‍ രഹസ്യ മന്ത്രങ്ങളൊന്നുമില്ല. ഒളിംപിക്സില്‍ സ്വര്‍ണം നേടുന്നത് വരെ ഞാന്‍ എന്റെ പോരാട്ടം അവസാനിപ്പിക്കില്ല, മേരി കോം വ്യക്തമാക്കി. വീട്ടില്‍ ക്വാരന്റീനിലാണെങ്കിലും പരിശീലനം തുടരുകയാണ് ഞാന്‍. ലക്ഷ്യത്തിലേക്ക് എത്താന്‍ എത്രമാത്രം ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കുമോ അത്രമാത്രം നേടിയെടുക്കാനാണ് എന്റെ ശ്രമം. വീട്ടില്‍ ചിലപ്പോള്‍ അതെല്ലാം പ്രയാസം നേരിടുന്നുണ്ട്. എങ്കിലും കുടുംബത്തോടൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്, കോവിഡ് 19നെ തുടര്‍ന്ന് ഒളിംപിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചതില്‍ നിരാശയുണ്ടെങ്കിലും തന്റെ പോരാട്ടവീര്യത്തെ അത് ഇല്ലാതാക്കുന്നില്ലെന്ന് മേരി കോം പറഞ്ഞു. ഒളിംപിക്സില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുക എന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടാണ് ഈ പ്രായത്തിലും ഞാന്‍ കഠിനാധ്വാനം ചെയ്യുന്നത് മേരി കോം പറഞ്ഞു.
‘വിജയത്തിനായി എനിക്ക് മന്ത്രങ്ങളൊന്നുമില്ല. കഠിനാധ്വാനം ചെയ്യുക, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തുക, അത്രയേയുള്ളൂ. ഉയര്‍ച്ച താഴ്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ട്, പക്ഷേ നിങ്ങളുടെ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ‘എന്റെ ബോക്‌സിംഗ് യാത്രകള്‍ എളുപ്പമായിരുന്നില്ല. ദേശീയ, അന്തര്‍ദേശീയ, ഒളിമ്പിക് തലങ്ങളില്‍ എത്തുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജീവിതത്തില്‍ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കഴിയും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ ആദ്യകാല ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ കഴിയില്ല. അത് ഓര്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.’ കഴിഞ്ഞ മാസം ആദ്യം ജോര്‍ദാനിലെ ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയറില്‍ നിന്ന് മടങ്ങിയെത്തിയ രാജ്യസഭാ എംപി കൂടിയായ മേരി കോം ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത മേരി കോം മാര്‍ച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു. എന്നാല്‍, മാര്‍ച്ച് 18 ന് രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നല്‍കിയ പ്രഭാതഭക്ഷണത്തില്‍ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തില്‍ മറ്റു എം.പിമാര്‍ക്കൊപ്പം മേരികോമും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Leave a Reply