സ്പിരിച്വല്‍ ടീം. മലയാളം യുകെ
ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേയ്ക്ക് അവരോധിതയായെങ്കിലും മേരി നസ്രസിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പോകുമ്പോഴും, ക്രിസ്തുനാഥന്റെ പിറവിയിലും ഈജിപ്തിലേയ്ക്കുള്ള പലായനത്തിലും എല്ലാം മറിയത്തിന്റെ വിനയവും എളിമയും പ്രകാശിതമാകുന്നു. മാതാവിന്റെ മക്കളായ നാം അമ്മയെ അനുകരിച്ച് എളിമയുള്ളവരാകണം. താഴ്മയുള്ളവര്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍ ഭൂമി അവര്‍ അവകാശമായി അനുഭവിക്കും എന്നുള്ള ക്രിസ്തുനാഥന്റെ വാക്കുകള്‍ നമ്മില്‍ അന്വര്‍ത്ഥമാകും.

പ്രാര്‍ത്ഥന
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അങ്ങയുടെ വിസ്മയാവഹമായ എളിമയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുക്കുമാരന്റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതനെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്‌നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയ്‌ക്കെല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതാവായ അങ്ങയേയും സ്‌നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ.

സുകൃതജപം
വിശുദ്ധിയുടെ വിളനിലമായ മറിയമേ!
ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കണമേ…