ഷിബു മാത്യൂ
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയോടുള്ള ആദരവ് സൂചകമായി ജപമാല മാസമായി ക്രൈസ്തവര്‍ ആചരിക്കുന്നു. പരിശുദ്ധ അമ്മയെ ഓര്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുന്നത് നന്മ നേരുമമ്മ.. വീണ്ണിന്‍ രാജകന്യ… എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിന് പുറമേ നൂറ് കണക്കിന് ഗാനങ്ങള്‍ മലയാളത്തില്‍ വേറെയുമുണ്ട്. മലയാളത്തിലെ പ്രശസ്തരായ ഗായകര്‍ പാടിയ മരിയഭക്തി ഗാനങ്ങളില്‍ ഏറ്റവും സുന്ദരമായ മുപ്പത്തൊന്നു ഗാനങ്ങള്‍ തിരഞ്ഞെടുത്ത് ജപമാല മാസത്തില്‍ സ്വന്തം ശബ്ദത്തില്‍ പാടിയിരിക്കുകയാണ് യുകെയിലെ നോര്‍ത്തലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ ജോണ്‍ കണ്ടംകുളങ്ങര. ഒക്ടോബര്‍ ഒന്നുമുതല്‍ മുപ്പത്തൊന്നു വരെയുള്ള ദിവസങ്ങളില്‍ ദിവസവും ഓരോ ഗാനം പാടി റിക്കോര്‍ഡ് ചെയ്ത് യൂ റ്റിയൂബ് ചാനലിലൂടെ പബ്‌ളീഷ് ചെയ്യുകയായിരുന്നു. എല്ലാവരും എല്ലാത്തിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് പരിശുദ്ധ അമ്മയെ സ്തുതിക്കുന്ന മനോഹരമായ ഈ ഗാനങ്ങള്‍ മലയാളികളുടെ പ്രാര്‍ത്ഥനാമുറികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു. ജപമാല മാസത്തില്‍ മലയാളികളുടെ വീടുകളില്‍ ദിവസവും ചൊല്ലുന്ന ജപമാലയോടൊപ്പം പാടി പ്രാര്‍ത്ഥിക്കാനുള്ള ഒരവസരം കൂടിയാണ് ഈ ഗാനങ്ങളെന്ന് മാത്യൂ പറയുന്നു.
പാരമ്പര്യമായി കിട്ടിയ കഴിവുകളോ, ശാസ്ത്രീയമായ പഠനങ്ങളോ ഒന്നും മാത്യൂവിനില്ല. ഇടവക ദേവാലയമായ ആലപ്പുഴ ജില്ലയിലെ കിഴക്കുംമുറി സെന്റ് തോമസ് ദേവാലയത്തിലെ അല്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയില്‍ കൂട്ടുകാരാടൊപ്പം പാടിയ പരിചയം മാത്രമേ സംഗീത ലോകത്ത് മാത്യുവിന് സ്വന്തമായി ഉള്ളൂ. 2004ല്‍ യുകെയില്‍ എത്തിയതോടെ അതും ഭാഗീകമായി നിലച്ചു. മലയാളികള്‍ യുകെയിലേയ്ക്ക് എത്താന്‍ തുടങ്ങിയതിന്റെ ആദ്യ നാളുകളില്‍ മലയാളത്തിലുള്ള കുര്‍ബാനകളും ശുശ്രൂഷകളും മറ്റും നന്നേ കുറവായിരുന്നു. 2010 ന് ശേഷമാണ് അതിനൊരു മാറ്റമുണ്ടായത്. 2013 ല്‍ ബഹു. പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടണില്‍ ആരംഭിച്ചപ്പോള്‍ അവിടുത്തെ ആത്മീയ ശുശ്രൂഷകളില്‍ ഗാനങ്ങള്‍ ആലപിക്കാനവസരമൊരുങ്ങി. തുടര്‍ന്നങ്ങോട്ട് യുകെയില്‍ നടന്ന ഒട്ടുമിക്ക ധ്യാനങ്ങളിലും ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
തികഞ്ഞ ഒരു മരിയഭക്തനാണ് മാത്യൂ. ജീവിതത്തില്‍ പല വിധത്തിലുള്ള രോഗങ്ങളും പിടിപെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണയുടെ പിടിയിലും അകപ്പെട്ടു. ആഴ്ച്ചകളോളം അത്യാഹിത വിഭാഗത്തിന്റെ പരിചരണത്തിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടയാളാണ് ഞാന്‍. അപ്പോഴൊക്കെ ആശ്വാസമായത് പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്ന് മാത്യൂ പറയുന്നു. അതില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് മരിയഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചത്. മുപ്പത്തൊന്നു ദിവസങ്ങളിലായി പാടിയ മാതാവിന്റെ ഗാനങ്ങളെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. ഈ ഗാനങ്ങളുടെ റിക്കോര്‍ഡിംഗും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് മാത്യൂ തന്നെയാണ്. വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയത്. ഈ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും ചെയ്തത് ഫാ.ജോസ് അന്തിയകുളമാണ്. പരിശുദ്ധ അമ്മയോടുള്ള ഒരു നിയോഗമായി ഈ സംരംഭത്തിനെ കാണുന്നു. മരിയഭക്തി പുതുതലമുറയിലും വളര്‍ത്തുന്നതില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂവെന്ന് മാത്യൂ പറയുന്നു. യുകെയിലെ നോര്‍ത്തലേര്‍ട്ടണിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് ജന്മദേശം. ഭാര്യ ജോളി മാത്യൂ, ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.
ജപമാല നാളില്‍ മാത്യൂ ആലപിച്ച മുപ്പത്തിയൊന്ന് ഗാനങ്ങള്‍ കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply