ജോജി തോമസ്‌

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലിൽ നിറയുന്ന പല വാർത്തകളും കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ എന്ന ഗുരുതര ചോദ്യമുയർത്തുന്നതാണ് . പ്രണയപകകളും കൂട്ടക്കൊലകളും തുടർക്കഥയാകുകയും മലയാളിയുടെയും കേരളത്തിൻെറയും അഹങ്കാരമായിരുന്ന കുടുംബബന്ധങ്ങൾക്ക് വിള്ളലുകളുണ്ടാകുകയും ചെയ്യുമ്പോൾ കേരളത്തിൽ എന്തൊക്കയോ അസ്വാഭാവികമായി സംഭവിക്കുന്നുണ്ടെന്ന് നിസംശ്ശയം പറയാം. കേരളത്തിലെ ഒരു ചെറിയ ഗ്രാമമായിരുന്ന കൂടത്തായിലെ ഒരു ഭർത്താവിന് സ്വന്തം ഭാര്യ എവിടെയാണ് ജോലി ചെയ്യുന്നത്, എന്തു ജോലിയാണ് ചെയ്യുന്നതെന്ന് വർഷങ്ങളായി അറിയത്തില്ലായിരുന്നു എന്നത് വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളുടെയും, വിവാഹേതര ബന്ധങ്ങളുടെയും വെളിച്ചത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമായി കരുതാൻ സാധിക്കില്ല. കൂട്ടക്കൊലകളെക്കാൾ ഭയപ്പാടുളവാക്കുന്നതാണ് പ്രണയ പകകൾ. ഇഷ്ട്ടപെട്ടതിനെ ലഭിക്കാതാകുമ്പോഴോ, നഷ്ടപെടുമ്പോഴും ഇല്ലാതാക്കാനുള്ള പ്രവണതകൾ വർദ്ധിച്ചു വരുകയാണ്. അണുകുടുംബങ്ങളിൽ കുട്ടികളെ വളർത്തുമ്പോൾ അവരിൽ നാമറിയാതെ നട്ടുവളർത്തുന്ന സ്വാർത്ഥതയെന്ന വികാരം സമൂഹത്തെയാകെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് പ്രണയ പകകൾ കാരണമുള്ള കൊലപാതകങ്ങൾ. പെൺകുട്ടികളെ ധൈര്യമായി പുറത്തു അയക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു സാംസ്കാരിക കേരളം.

ഒക്ടോബർ പത്താം തീയതി ലോകമെങ്ങും, “World Mental Health Day” ആയി ആഘോഷിച്ചിരുന്നു.
മാനസികരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് “ലോകമാനസികാരോഗ്യദിനം ” ആചരിക്കുന്നത്. ആത്മഹത്യാ പ്രവണതകൾ തടയേണ്ടതിന്റെ ആവശ്യകഥയായിരുന്നു ഈ വർഷത്തെ ലോകമാനസികാരോഗ്യദിനത്തിൻെറ ചിന്താവിഷയം. കേരളം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മേഖലകളിൽ ഒന്നാണ് വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതകൾ. ലോകത്തു നടക്കുന്ന ആത്മഹത്യകളിൽ 20 ശതമാനവും ഇന്ത്യയിലാണെന്നതും, ഇന്ത്യയിൽ കേരളവും തമിഴ്‌നാടുമാണ് ആത്മഹത്യനിരക്കിൽ മുൻപന്തിയിലുള്ളതെന്നതും ഇവിടെ ശ്രദ്ധേയമാണ്.

കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റാൻ നിരവധി കാരണങ്ങളുണ്ട് . കുട്ടിക്കാലത്തു തന്നെ മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ കുട്ടികളിൽ നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും, മാനസികാരോഗ്യവും രൂപപ്പെടുന്ന കാലഘട്ടത്തിൽ തന്നെ താളം തെറ്റാൻ ഈ അമിതപ്രതീക്ഷകൾ കാരണമാകുന്നു. മാനസികാരോഗ്യത്തിന് വിദ്യാഭ്യാസസമ്പ്രദായത്തിൽ നൽകുന്ന അവഗണന, അമിതമായ മദ്യപാനം, ആയുർനിരക്കിൽ നേട്ടം ഉണ്ടാക്കിയെങ്കിലുംവൃദ്ധ ജനങ്ങളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും വരുന്ന വീഴ്ചകൾ, വിവാഹേതരബന്ധങ്ങളും, തുടർകഥകളാകുന്ന വിവാഹമോചനങ്ങളും വിദേശങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ കേരളത്തിലെ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി കേരളത്തിന്റെ മാനസികാരോഗ്യം തകരാറിലാക്കുന്ന കാരണങ്ങൾ നിരവധിയാണ്. ഈ കാരണങ്ങളെ ശരിയായ വിധത്തിൽ പഠിക്കുകയും തിരുത്തലുകൾ വരുത്തുകയും സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നില്ലെങ്കിൽ പ്രണയ പകകളും കൂടത്തായ്കളും ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.