ജോജി തോമസ്

കേരളചരിത്രം കണ്ട മഹാപ്രളയത്തിൻെറ ഓർമകൾക്ക് മലയാളിയുടെ മനസ്സിലെ ആയുസ്സ് കേവലം ഒരു വർഷത്തിൽ താഴെ മാത്രമായിരുന്നെങ്കിൽ , പ്രകൃതിയോടു കാണിക്കുന്ന ക്രൂരതയ്ക്ക് അനിവാര്യമായ പരിണിതഫലങ്ങളും ,തിരിച്ചടികളുമുണ്ടാകും എന്ന ഓർമപ്പെടുത്തലുകളുമായി മഹാപ്രളയത്തിൻെറ വാർഷികത്തിൽ തന്നെ വീണ്ടുമൊരു പ്രകൃതി ദുരന്തം നേരിട്ടപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ ആവശ്യകതയാണ് . മഹാപ്രളയത്തിൽ നിന്ന് നമ്മൾ പഠിച്ച പാഠങ്ങളും , തിരുത്തൽ നടപടികളുമെന്താണെന്ന് പരിശോധിച്ചാൽ ഒരു പക്ഷെ ചാനൽ ചർച്ചകളിലും ,പത്ര താളുകളിലെ എഴുത്തിനുമപ്പുറം നമ്മൾ ഒരു പടി പോലും മുന്നോട്ടു പോയിട്ടില്ലാ എന്നുള്ളതാണ് വാസ്തവം . പ്രകൃതിയേയും പശ്‌ചിമഘട്ട മലനിരകളേയും സംരക്ഷിക്കാതുള്ള വികസനപ്രവർത്തനങ്ങൾ സർവ്വനാശത്തിലേയ്ക്കേ പരിണമിക്കൂ എന്ന തിരിച്ചറിവുണ്ടാകുന്നടത്താണ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ പ്രസക്തിയുദിക്കുന്നത് .

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നെന്നും ഇനിയും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് ഏതാനും വർഷങ്ങൾ മാത്രം മതിയെന്ന ആശങ്ക 2012 – ൽ മാധവ് ഗാഡ്ഗിൽ എന്ന പശ്‌ചിമഘട്ട പരിസ്ഥിതി വിദഗ്ധൻ മുന്നറിയിപ്പു നൽകിയപ്പോൾ അതിന് പരിഹസിച്ചു തള്ളിയവരാണ് രാഷ്ട്രീയക്കാരും ഉദ്യോഗവൃന്ദങ്ങളും അടങ്ങുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷവും . എന്നാൽ തുടർച്ചയായ രണ്ടാം വർഷവും കേരളം പ്രകൃതി ദുരന്തങ്ങൾ കൊണ്ട് വലഞ്ഞപ്പോൾ മാധവ് ഗാഡ്ഗിൽ എന്ന പ്രകൃതി സ്നേഹിയായ പരിസ്ഥിതി വിദഗ്ധൻെറ മുന്നറിയിപ്പ് യഥാർത്ഥ്യമാകുകയായിരുന്നു .

2011 ആഗസ്റ്റിൽ സമർപ്പിച്ച മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ അതീവ പരിസ്ഥിതി സംവേദക മേഖലകളായി കേരളത്തിൽ 18 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും ഈ മേഖലകളിലെല്ലാം ക്വാറികളും , നിർമാണപ്രവർത്തനങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടരുന്നതിൻെറ പരിണിതഫലമാണ് കേരളം നേരിടുന്ന ദുരന്തങ്ങളുടെ പ്രധാന കാരണം . നാല്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തത്തിലടക്കം പ്രകൃതിക്കുമേലുള്ള നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾക്കു നേരേ വളരെ സാധാരണക്കാരായ പൊതുജനങ്ങളടക്കം മുന്നറിയിപ്പു നല്കിയിരുന്നെങ്കിലും സർക്കാരടക്കമുള്ള ബന്ധപ്പെട്ട ഏജൻസികൾ ഗൗനിച്ചില്ലാ എന്നുള്ളത് ഇവിടെ പ്രസക്തമാണ് .

പശ്ചിമഘട്ട സംരക്ഷണത്തിൽ കാലാകാലങ്ങളായി നമ്മൾ വരുത്തിയ വീഴ്‌ചയാണ് പ്രളയ , ഉരുൾപൊട്ടൽ ദുരന്തങ്ങൾക്ക് കാരണമെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിയ്ക്കുവാൻ അടിയന്തരനടപടിയാണ് ആവശ്യം . പരിസ്ഥിതിലോല പ്രദേശങ്ങളിൽ ക്വാറികൾ ഇപ്പോഴും ഒരു നിയന്ത്രണവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് . വളരെ ചെറിയ വിഭാഗം വരുന്ന നിർമ്മാണ ലോബിയുടെ താത്പര്യ സംരക്ഷണത്തിനായി കേരള ജനതയെ മുഴുവൻ ആപത്തിലേയ്ക്ക് തള്ളി വിടാൻ സാധിക്കില്ല .പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ചാൽ വിദേശമലയാളികളിൽനിന്നടക്കമുള്ള നിക്ഷേപങ്ങളെ അത് പ്രതികൂലമായി ബാധിക്കുകയും കേരളത്തിൻെറ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാകുകയും ചെയ്യും .അതുകൊണ്ടു തന്നെ മനുഷ്യനും പ്രകൃതിയ്ക്കും ദോഷം വരാത്ത സന്തുലിതവികസനനയം രൂപികരിക്കാൻ ഇനിയും നാം വൈകി കൂടാ . മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ,മലയാളത്തിൻെറ തിലകമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനും , പരിസ്ഥിതിമേഖലകളിലെ അറിവിൻ ലോകത്തു തന്നെ മുൻനിരയിൽ നിൽക്കുന്ന മാധവ് ഗാഡ്ഗിൽ ൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട് നടപ്പാക്കാൻ നാമിനിയും അമാന്തിച്ചു കൂടാ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.